നാഗ്‌പൂര്‍|
Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (22:13 IST)
തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ. വിരാട് കോഹ്‌ലിയുടെയും വിജയ് ശങ്കറിന്‍റെയും തകര്‍പ്പന്‍ പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ഇന്ത്യ വിജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 251 എന്ന വിജയലക്‍ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ അവസാന ഓവര്‍ വരെ സസ്പെന്‍സ് നിലനിര്‍ത്തിയ മത്സരത്തില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ 242ന് കൂടാരം കയറി.
അവസാന ഓവറില്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ 11 റണ്‍സ് ആണ് വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയാനെത്തിയത് വിജയ് ശങ്കര്‍. തകര്‍പ്പന്‍ ഫോമില്‍ നിന്ന മാര്‍ക്കസ് സ്റ്റോണിസിനെ ആദ്യ പന്തില്‍ തന്നെ എല്‍ ബി ഡബ്ലിയുവില്‍ കുടുക്കി. മൂന്നാമത്തെ പന്തില്‍ ആദം സാമ്പയുടെ വിക്കറ്റ് ഉഗ്രനൊരു യോര്‍ക്കറില്‍ തകര്‍ത്ത് വിജയ് ശങ്കര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. നേരത്തേ ബാറ്റിങ്ങിലും തിളങ്ങിയ വിജയ് ശങ്കര്‍ 46(41) റണ്‍സും നേടിയിരുന്നു.
120 പന്തുകളില്‍ നിന്ന് 116 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയത്തിന് നെടുംതൂണായ ക്യാപ്ടന്‍ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇതോടെ 2-0ന് ഇന്ത്യ മുന്നിലായി. മാത്രമല്ല, ഇന്ത്യയുടെ അഞ്ഞൂറാം ഏകദിന വിജയമായിരുന്നു ഇത്.
ശിഖര്‍ ധവാന്‍(21), അമ്പാട്ടി റായിഡു(18), രവീന്ദ്ര ജഡേജ(21) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍. കൂറ്റനടിക്കാരായ രോഹിത് ശര്‍മയും എം എസ് ധോണിയും പൂജ്യത്തിന് പുറത്തായ മത്സരം എന്നുകൂടി വിശേഷിപ്പിക്കുമ്പോള്‍ രണ്ടാം ഏകദിനത്തിന്‍റെ കൌതുകം കൂടുകയാണ്.