കോഹ്‌ലിപ്പടയെ വേട്ടയാടി പരുക്ക്; രണ്ട് സൂപ്പര്‍താരങ്ങള്‍ ഉടനൊന്നും കളിക്കില്ലെന്ന് റിപ്പോര്‍ട്ട്!

 vijay shankar , kedar jadhav , injury , team india , kohli , dhoni , world cup , വിരാട് കോഹ്‌ലി , രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ , ലോകകപ്പ് , വിജയ് ശങ്കര്‍ , കേദാര്‍ ജാദവ്
ഓവല്‍| Last Updated: ബുധന്‍, 29 മെയ് 2019 (15:23 IST)
ലോകകപ്പ് സ്വപ്‌നം കണ്ട് ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും ലഭിച്ച തിരിച്ചടിയും തെറ്റ് തിരുത്താനുള്ള അവസരവുമായിരുന്നു ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരം. ഒരു തോല്‍‌വി കൊണ്ട് എഴുതി തള്ളാവുന്ന ടീമല്ല ഇന്ത്യയുടേത്. ശക്തമായ ബാറ്റിംഗ് നിരയും ബോളിംഗ് നിരയും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ എതിരാളികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല.

ടോപ് ത്രീ ആണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ശക്തി. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി
ഇവരിലൊരാള്‍ക്കെങ്കിലും വന്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മിഡില്‍ ഓര്‍ഡര്‍ കളി കൈകാര്യം ചെയ്യണം. അവിടെയാണ് ഇന്ത്യയുടെ തലവേദന.

ഒരു വര്‍ഷം മുഴുവന്‍ തിരഞ്ഞിട്ടാണ് നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനില്‍ വിജയ് ശങ്കര്‍ മതിയെന്ന് ഉറപ്പിച്ചത്. വന്‍ ഇന്നിംഗ്‌സുകളും പവർഹിറ്റിങ്ങുമെല്ലാം നല്ലതാണെങ്കിലും ഇന്നിംഗ്‌സിനെ നിയന്ത്രിച്ചു നിർത്തും വിധം നങ്കൂരമിട്ടു ബാറ്റ് ചെയ്യാൻ നാലാം നമ്പരില്‍ ഇറങ്ങുന്ന താരത്തിന് കഴിയണം.

എന്നാല്‍, ഇംഗ്ലീഷ് മണ്ണില്‍ പറന്നിറങ്ങിയതിന് പിന്നാലെ താരം പരുക്കിന്റെ പിടിയിലുമായി. നെറ്റ്‌സില്‍ പരിശീലനത്തിനിടെ ഖലീല്‍ അഹമ്മദിന്‍റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വലതു കൈയ്‌ക്ക് പരുക്കേൽക്കുകയായിരുന്നു. വിജയ് ഉടന്‍ പരിശീലനം അവസാനിപ്പിച്ച് മടങ്ങിയെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

വിജയ്‌ക്ക് കളിക്കാന്‍ കഴിയാതെ വന്നതോടെ ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ കെഎല്‍ രാഹുലാണ് നാലാം നമ്പറില്‍ ഇറങ്ങിയത്. എന്നാല്‍, 14 മിനിറ്റോളം ക്രീസില്‍ തുടര്‍ന്ന രാഹുല്‍ പത്ത് പന്തില്‍ ആറ് റണ്‍സെടുത്ത് ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കി മടങ്ങിയതോടെ നാലാം നമ്പര്‍ തീരാത്ത തലവേദനയായി.

ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിലും വിജയ് ശങ്കര്‍ ഉണ്ടാകില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ കേദാര്‍ ജാദവും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കില്ല.
ഇരുവരും ഈ മത്സരത്തിനുമുമ്പ് പൂര്‍ണമായും ഫിറ്റാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയുടെ പരുക്ക് സാരമുള്ളതാണെന്നാണ് സൂചന.

സന്നാഹത്തില്‍ അര്‍ധസെഞ്ചുറിയോടെ രവീന്ദ്ര ജഡേജ രണ്ടാം ഓള്‍റൗണ്ടറുടെ സ്ഥാനത്തിനായി അവകാശമുന്നയിച്ചത് കേദാര്‍ ജാദവിന് തിരിച്ചടിയാണ്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ആരെ ഇറക്കുമെന്ന കാര്യത്തില്‍ കോഹ്‌ലി തീരുമാനമെടുക്കേണ്ടതുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :