ദ്രാവിഡ് പറയുന്നതെല്ലാം പച്ചക്കള്ളം, വിദേശത്തും രാഹുൽ അത്ര വലിയ താരമല്ല: കണക്കുകൾ നിരത്തി വെങ്കിടേഷ് പ്രസാദ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (15:25 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ഓപ്പണിങ്ങ് സ്ഥാനത്ത് നിന്നും പുറത്താകുമെന്നാണ് ക്രിക്കറ്റ് ആരാധകർ കരുതിയിരുന്നത്. എന്നാൽ ആരാധകരെ അമ്പരിപ്പിച്ച് കൊണ്ട് തുടർന്നുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കൂടി രാഹുലിന് അവസരം നൽകിയിരിക്കുകയാണ്.

വിദേശത്ത് മികച്ച റെക്കോഡുള്ള താരമാണ് കെ എൽ രാഹുലെന്നും ടീം അദ്ദേഹത്തിന് നൽകുന്ന പിന്തുണ തുടരുമെന്നുമാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് പരിശീലകനായ രാഹുൽ ദ്രാവിഡ് പറഞ്ഞത്. ഇപ്പോഴിതാ രാഹുൽ ദ്രാവിഡിൻ്റെ വാദങ്ങളെ തള്ളികളഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വെങ്കിടേഷ് പ്രസാദ്.

വിദേശത്ത് മികച്ച റെക്കോർഡുണ്ടെന്ന് പറയുന്ന കെ എൽ രാഹുലിന് വിദേശത്ത് കളിച്ച 56 ഇന്നിങ്ങ്സുകളിൽ നിന്ന് 30.7 ബാറ്റിംഗ് ശരാശരി മാത്രമാണുള്ളതെന്ന് പ്രസാദ് ട്വിറ്ററിൽ കുറിച്ചു. രാഹുൽ വിദേശത്ത് 6 സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അതിലും എത്രയോ തവണ കുറഞ്ഞ സ്കോറുകളിൽ പുറത്തായിട്ടുണ്ടെന്ന് കണക്കുകൾ മുന്നിൽ വെച്ചാണ് പ്രസാദിൻ്റെ ട്വീറ്റ്.

ഓപ്പണറെന്ന നിലയിൽ വിദേശത്ത് രാഹുലിനേക്കാൾ മികച്ച ബാറ്റിംഗ് ശരാശരി ശിഖർ ധവാനാണ് ഉള്ളതെന്ന് കണക്കുകൾ വെച്ച് പ്രസാദ് പറയുന്നു. വിദേശത്ത് 5 സെഞ്ചുറികളെ നേടാനായിടുള്ളുവെങ്കിലും 40 ബാറ്റിംഗ് ശരാശരിയുണ്ടെന്നും സ്ഥിരതയില്ലെങ്കിലും ശ്രീലങ്കയിലും ന്യൂസിലൻഡിലും മികച്ച റെക്കോർഡുണ്ടെന്നും പ്രസാദ് പറയുന്നു.

വിദേശത്ത് ശുഭ്മാൻ ഗില്ലിനും രാഹുലിനേക്കാൾ മികച്ച റെക്കോർഡുണ്ട്. ഗാബയിലെ 91 റൺസടക്കം 37 എന്ന ബാറ്റിംഗ് ശരാശരി ഗില്ലിനുണ്ട്.വിദേശത്തെ മികച്ച പ്രകടനം മാത്രമാണ് മാനദണ്ഡമെങ്കിൽ 50 ടെസ്റ്റുകളിലേറെ കളിച്ച രഹാനെയ്ക്ക് 40ന് മുകളിൽ ശരാശരിയുണ്ടെന്നും പ്രസാദ് പറയുന്നു. രാഹുലിനെതിരെ തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും പ്രസാദ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :