ദിനേശ് കാർത്തിക്കും റിഷഭ് പന്തും ഫ്ളോപ്പ്, എന്താണ് സത്യത്തിൽ ഇന്ത്യയുടെ ലോകകപ്പ് പ്ലാൻ?

അഭിറാം മനോഹർ| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (22:32 IST)
ഐപിഎല്ലിൽ ഫിനിഷറുടെ റോളിൽ അസാമാന്യപ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ ദിനേശ് കാർത്തിക് കാഴ്ചവെച്ചത്. 16 കളികളിൽ 55 ശരാശരിയിൽ 183.3 സ്ട്രൈക്ക്റേറ്റിലായിരുന്നു കാർത്തിക്കിൻ്റെ ഐപിഎല്ലിലെ വെടിക്കെട്ട്. പിന്നാലെ ഇന്ത്യയുടെ ടി20 ടീമിൽ ഇടം നേടിയെങ്കിലും ഐപിഎല്ലിലെ മികവ് ഇന്ത്യൻ ജേഴ്സിയിൽ കാഴ്ചവെയ്ക്കാൻ കാർത്തികിനായിട്ടില്ല.

തുടർച്ചയായ അവസരം കാർത്തിക്കിന് ലഭിക്കുമ്പോൾ അവസാന മതരങ്ങളിൽ
1*, 30*, 6, 55, 5*, 0, 11, 12, 6, 41*, 7, 6, 12, 1*, 6 എന്നിങ്ങനെയാണ് താരത്തിൻ്റെ സ്കോറുകൾ.
ബാറ്റിങ് ഓർഡറിൽ അക്സർ പട്ടേലിനും താഴെ ബാറ്റ് ചെയ്യുന്ന കാർത്തിക്കിന് നിലയുറപ്പിക്കാൻ പോലും സമയം ലഭിക്കുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.

അതേസമയം മറ്റൊരു വിക്കറ്റ് കീപ്പർ ഓപ്ഷനായ റിഷഭ് പന്ത് ടി20യിൽ തൻ്റെ മോശം ഫോം തുടരുകയാണ്. രവീന്ദ്ര ജഡേജ പരിക്ക് മൂലം ഇല്ലാത്ത സാഹചര്യത്തിൽ ടോപ് ഓർഡറിൽ ഒരു ലെഫ്റ്റി ആനുകൂല്യം എടുക്കുക എന്നതും ദിനേശ് കാർത്തിക്കിൻ്റെ മോശം ഫോമുമാണ് പന്തിന് അവസരങ്ങൾ വീണ്ടും നൽകുന്നത്. ഓസീസിലെ പിച്ചുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച റെക്കോർഡും പന്തിനുണ്ട്.

അതേസമയം ബാറ്റിങ് പൊസിഷനിൽ ദിനേശ് കാർത്തിക്കിനേക്കാൾ നേരത്തെ ഇറക്കിയിട്ടും പന്തിന് തിളങ്ങാനായിട്ടില്ല. ടോപ് ഓർഡറിൽ ഇനി പരീക്ഷണങ്ങൾക്ക് ഇന്ത്യൻ ടീം തയ്യാറായേക്കില്ല എന്ന നിലയിൽ മധ്യനിരയിൽ റിഷഭ് പന്തിൻ്റെ ബാറ്റിങ് ഇന്ത്യൻ സാധ്യതകളെ കൂടി വളരെയധികം സ്വാധീനിക്കും. ലോകകപ്പ് അടുക്കുന്ന സാഹചര്യത്തിൽ 2022ൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ പോലുള്ള ഓപ്ഷനുകൾ നിലവിലുള്ളപ്പോഴാണ് തുടർച്ചയായി നിരാശപ്പെടുത്തുന്ന 2 താരങ്ങളുമായി ലോകകപ്പിനിറങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :