രേണുക വേണു|
Last Modified ബുധന്‍, 12 ജൂണ്‍ 2024 (09:41 IST)
T20 World Cup 2024: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 8 ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയ അടക്കമുള്ള വമ്പന്‍ ടീമുകള്‍. സൂപ്പര്‍ 8 ലേക്ക് എത്തുമ്പോള്‍ ഗ്രൂപ്പ് ഒന്നില്‍ ആണ് ഇന്ത്യ ഉള്‍പ്പെടുന്നത്. ഇന്ന് യുഎസിനെതിരെ ജയിച്ചാല്‍ ഇന്ത്യ സൂപ്പര്‍ 8 ഉറപ്പിക്കും. ഗ്രൂപ്പില്‍ A1 എന്ന നിലയിലാകും ഇന്ത്യ ഫിനിഷ് ചെയ്യുക. ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പോയാലും ഇന്ത്യയുടെ പൊസിഷന്‍ A1 തന്നെയായിരിക്കും.
സൂപ്പര്‍ 8 ല്‍ രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഒന്നാമത്തെ ഗ്രൂപ്പില്‍ A1, B2, C1, D2 എന്നിങ്ങനെയാണ് ടീമുകള്‍. രണ്ടാമത്തെ ഗ്രൂപ്പില്‍ A2, B1, C2, D1 എന്നീ ടീമുകള്‍. സൂപ്പര്‍ 8 ല്‍ എത്തുന്ന എല്ലാ ടീമിനും ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകള്‍ക്കെതിരെ ഓരോ കളി വീതം ലഭിക്കും. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ കഴിയുമ്പോള്‍ ഗ്രൂപ്പില്‍ ആദ്യമെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമി ഫൈനലിലേക്ക് പ്രവേശിക്കും.
ഓസ്‌ട്രേലിയ ഇതിനോടകം സൂപ്പര്‍ 8 ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ B2 വായ ഓസ്‌ട്രേലിയയെ ഇന്ത്യ സൂപ്പര്‍ 8 ല്‍ നേരിടേണ്ടി വരും. സി ഗ്രൂപ്പില്‍ നിന്ന് അഫ്ഗാനിസ്ഥാനോ ന്യൂസിലന്‍ഡോ ആയിരിക്കും സൂപ്പര്‍ 8 ല്‍ ഇന്ത്യയുടെ എതിരാളികള്‍. ഡി ഗ്രൂപ്പിലേക്ക് എത്തുമ്പോള്‍ ബംഗ്ലാദേശിനെയായിരിക്കും സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് എതിരാളികളായി ലഭിക്കുക.
അതായത് സൂപ്പര്‍ 8 ല്‍ ഇന്ത്യയുടെ എതിരാളികള്‍ ആവാന്‍ സാധ്യതയുള്ള ടീമുകള്‍ ഇതൊക്കെ: ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്/അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്