T 20 World Cup Squad, India: ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡ്: ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഇതെല്ലാം

ഏഷ്യാ കപ്പില്‍ ദയനീയ പ്രകടനം നടത്തിയ പലരും ട്വന്റി 20 ലോകകപ്പ് ടീമിലും സ്ഥാനം പിടിച്ചത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്

രേണുക വേണു| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (12:34 IST)

T 20 World Cup Squad, India: ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏഷ്യാ കപ്പില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ല. ഏഷ്യാ കപ്പില്‍ ദയനീയ പ്രകടനം നടത്തിയ പലരും ട്വന്റി 20 ലോകകപ്പ് ടീമിലും സ്ഥാനം പിടിച്ചത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്. ലോകകപ്പ് സ്‌ക്വാഡിനെ വിലയിരുത്തുമ്പോള്‍ ഇതില്‍ ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ള ചില ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

1. ഇഷാന്‍ കിഷന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കുന്ന ചുരുക്കം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ഇഷാന്‍ കിഷന്‍. ഇടംകയ്യന്‍ ബാറ്റര്‍ കൂടിയായതിനാല്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ സാധിക്കും.

2. കെ.എല്‍.രാഹുലിന്റെ മെല്ലപ്പോക്ക് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ രാഹുല്‍ പാടുപെടുന്നുണ്ട്. ഏഷ്യാ കപ്പിലും രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു.

3. മധ്യനിരയില്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കാതെ പോയതും ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിലെ പോരായ്മയാണ്. കംപ്ലീറ്റ് ടി 20 ബാറ്ററാണ് സഞ്ജു. ഓസീസ് സാഹചര്യത്തില്‍ പേസിനെ നന്നായി കളിക്കാനുള്ള സഞ്ജുവിന്റെ കഴിവ് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ റിഷഭ് പന്തിന് വേണ്ടി സഞ്ജുവിനെ തഴഞ്ഞു.

4. ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന റിഷഭ് പന്തിന്റെ സാന്നിധ്യം. മധ്യനിരയിലും ചില സമയത്ത് ഫിനിഷറുടെ റോളിലും റിഷഭ് പന്തിന് ബാറ്റ് ചെയ്യേണ്ടിവരും. എന്നാല്‍ അതിനനുസരിച്ചുള്ള കളി റിഷഭ് പന്ത് കാഴ്ചവെയ്ക്കുന്നില്ല.

5. രവി ബിഷ്‌ണോയ് 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കേണ്ട സ്പിന്നര്‍ ആയിരുന്നു. എന്നാല്‍ യുസ്വേന്ദ്ര ചഹലും ആര്‍.അശ്വിനും 15 അംഗ സ്‌ക്വാഡില്‍ വന്നതോടെ ബിഷ്‌ണോയ് സ്റ്റാന്‍ഡ്‌ബൈ താരമായി. കഴിഞ്ഞ കുറേ നാളുകളായി അശ്വിന്‍ ടി 20 ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനമല്ല നടത്തുന്നത്. ബിഷ്‌ണോയ് ആകട്ടെ കുറഞ്ഞ ഇക്കോണമിയില്‍ പന്തെറിയുന്ന ബൗളറും. അശ്വിന് വേണ്ടി ബിഷ്‌ണോയിയെ തഴഞ്ഞതിനു ഇന്ത്യ ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടിവരും.

6. പേസ് നിരയില്‍ സ്റ്റാന്‍ഡ്‌ബൈ മുഹമ്മദ് ഷമിയെയാണ് തീരുമാനിച്ചിരിക്കുന്നത്. ടി 20 ക്രിക്കറ്റില്‍ ഷമി കഴിഞ്ഞ കുറേ നാളുകളായി അത്ര ഫോമിലല്ല. പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്യുന്നു. മുഹമ്മദ് സിറാജ്, മുഹ്‌സിന്‍ ഖാന്‍, ടി.നടരാജന്‍ എന്നിവരെ പുറത്ത് നിര്‍ത്തിയാണ് സെലക്ടര്‍മാര്‍ ഷമിയെ സ്റ്റാന്‍ഡ്‌ബൈ ആക്കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :