രേണുക വേണു|
Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (15:32 IST)
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. രോഹിത് ശര്‍മ-കെ.എല്‍.രാഹുല്‍ സഖ്യമായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ശിഖര്‍ ധവാന്‍ മൂന്നാം ഓപ്പണര്‍ എന്ന നിലയിലായിരിക്കും ടീമില്‍ ഇടം പിടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.
നായകന്‍ വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെ കളിക്കും. വിരാട് കോലിയും രോഹിത് ശര്‍മയും ഓപ്പണര്‍മാരായേക്കും എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പരിമിത ഓവര്‍ ക്രിക്കറ്റില്‍ രാഹുല്‍ ഓപ്പണറാകുന്നത് തന്നെയാണ് ടീമിന് ഗുണം ചെയ്യുകയെന്നാണ് വിലയിരുത്തല്‍.
മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കാണ് സാധ്യത. ഇരുവരും സ്‌ക്വാഡില്‍ ഉണ്ടാകുമെങ്കിലും ഒരുമിച്ച് കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. റിഷഭ് പന്ത് തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, ദീപക് ചഹര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം കണക്കിലെടുത്തായിരിക്കും ഇവരില്‍ ആര്‍ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുക. സ്പിന്നറായി യുസ്വേന്ദ്ര ചഹലും പേസര്‍മാരായി ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും സ്ഥാനം പിടിച്ചേക്കും. മുഹമ്മദ് സിറാജിനെ കൂടി പരിഗണിക്കാനും സാധ്യതയുണ്ട്.