Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ നാല് പന്തുകള്‍ നേരിട്ട സൂര്യ വെറും ഒരു റണ്‍സെടുത്ത് പുറത്തായി

Suryakumar Yadav
രേണുക വേണു| Last Modified വ്യാഴം, 14 നവം‌ബര്‍ 2024 (09:32 IST)
Suryakumar Yadav

Suryakumar Yadav: ട്വന്റി 20 യില്‍ ഏറ്റവും അപകടകാരിയായ ഇന്ത്യന്‍ ബാറ്റര്‍ ആരെന്നു ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ പറയാം സൂര്യകുമാര്‍ യാദവ് ആണെന്ന്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി സൂര്യയുടെ ട്വന്റി 20 പ്രകടനം വിചാരിച്ച അത്ര ഇംപാക്ട് ഉണ്ടാക്കുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ടി20 യില്‍ നായകനായി എത്തിയ ശേഷം സൂര്യ ബാറ്റിങ്ങില്‍ അല്‍പ്പം പിന്നിലേക്ക് പോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ നാല് പന്തുകള്‍ നേരിട്ട സൂര്യ വെറും ഒരു റണ്‍സെടുത്ത് പുറത്തായി. ഒന്നാം ട്വന്റി 20 യില്‍ 17 പന്തില്‍ 21 റണ്‍സും രണ്ടാം മത്സരത്തില്‍ ഒന്‍പത് പന്തില്‍ നാല് റണ്‍സുമാണ് സൂര്യ സ്‌കോര്‍ ചെയ്തത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി ഇതുവരെ നേടിയത് 26 റണ്‍സ് മാത്രം. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം സൂര്യയുടെ ബാറ്റിങ്ങിനെ ബാധിച്ചോ എന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സൂര്യയുടെ ശരാശരി 52.00 ആണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ 43.66, രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ 41.32 എന്നിങ്ങനെയാണ് സൂര്യയുടെ ട്വന്റി 20 ശരാശരി. എന്നാല്‍ സ്വന്തം ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച മത്സരങ്ങളില്‍ സൂര്യയുടെ ശരാശരി വെറും 33.12 മാത്രമാണ്. ക്യാപ്റ്റന്‍സി ഉത്തരവാദിത്തം കാരണമാണ് സൂര്യ ബാറ്റിങ്ങില്‍ വേണ്ടത്ര മികച്ച പ്രകടനം നടത്താത്തതെന്നാണ് ആരാധകര്‍ പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :