ആ സ്വപ്നവും അകലെയല്ല.., മികച്ച പ്രകടനം തുടർന്നാൽ ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള അവസരം സഞ്ജുവിനെ തേടി വരാൻ സാധ്യത

Sanju Samson
അഭിറാം മനോഹർ| Last Modified ബുധന്‍, 13 നവം‌ബര്‍ 2024 (12:53 IST)
തുടര്‍ച്ചയായ 2 സെഞ്ചുറി പ്രകടനങ്ങളോടെ വിമര്‍ശകരുടെ വായ അടപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ ആരാധകരുടെയും പ്രിയ താരമായി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഓപ്പണിംഗ് റോളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ തുടരുന്ന താരം നിലവില്‍ ഇന്ത്യന്‍ ഓപ്പണര്‍ എന്ന സ്ലോട്ട് ഉറപ്പിച്ചിരിക്കുകയാണ്. ടീം നായകനായ സൂര്യകുമാര്‍ യാദവിനും കോച്ച് ഗൗതം ഗംഭീറിനും സഞ്ജു പ്രിയപ്പെട്ടവനാണ് എന്നതിനാല്‍ തന്നെ ഓപ്പണിംഗില്‍ സഞ്ജുവിന് ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യന്‍ ടീമില്‍ അധിക മത്സരപരിചയമില്ലെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയാണ് സഞ്ജു. സൂര്യകുമാര്‍ യാദവ് ഇല്ലാത്ത മത്സരങ്ങളില്‍ അതിനാല്‍ തന്നെ നായകന്റെ റോളില്‍ സഞ്ജുവിനെ ടീം പരീക്ഷിക്കാന്‍ സാധ്യതയേറെയാണ്.ഇപ്പോഴിതാ അതിനുള്ള സാധ്യതകള്‍ തെളിയുന്നതായാണ് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാകും സഞ്ജുവിന് ടി20യില്‍ ഇന്ത്യയെ നയിക്കാന്‍ അവസരമൊരുങ്ങുക എന്നതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 5 ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇതിന് പിന്നാലെ 3 ഏകദിനങ്ങളും ഇന്ത്യ ഇംഗ്ലണ്ടുമായി കളിക്കും. ഈ പരമ്പരയ്ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കാനുള്ളതിനാല്‍ തന്നെ സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കെല്ലാം തന്നെ വിശ്രമം ലഭിക്കാന്‍ സാധ്യതയേറെയാണ്. അങ്ങനെയെങ്കില്‍ ഈ പരമ്പരയിലെ ചില മത്സരങ്ങളിലെങ്കിലും സഞ്ജുവിന് ക്യാപ്റ്റനാകാനുള്ള അവസരം ഒരുങ്ങിയേക്കാം.



ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മ വിരമിക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ഏകദിനത്തില്‍ ഓപ്പണറായും സഞ്ജുവിന് വിളി വന്നേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ അവസരങ്ങള്‍ക്കെല്ലാം നിലവിലെ മികച്ച പ്രകടനങ്ങള്‍ സഞ്ജുവിന് തുടരേണ്ടതായിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് സഞ്ജുവിന് കൈവരുന്ന സമയം വിദൂരമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :