രേണുക വേണു|
Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (09:03 IST)
ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കുന്നത് തുടര്‍ന്ന് സൂര്യകുമാര്‍ യാദവ്. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചെങ്കിലും മോശം ഷോട്ടിന് ശ്രമിച്ച് പുറത്തായി. നിര്‍ണായക സമയത്താണ് സൂര്യ ക്രീസിലെത്തിയത്. 34 പന്തില്‍ 26 റണ്‍സെടുത്ത് താരം പുറത്തായി. ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ താരം ബൗള്‍ഡ് ആകുകയായിരുന്നു.
സൂര്യകുമാര്‍ യാദവ് ക്ഷമയോടെ കുറച്ച് നേരം കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഇന്ത്യക്ക് മത്സരം ജയിക്കാമായിരുന്നു. എന്നാല്‍ ട്വന്റി 20 സ്റ്റൈലില്‍ ബാറ്റ് വീശിയതാണ് സൂര്യയുടെ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണം. ട്വന്റി 20 കളിക്കുന്ന ലാഘവത്തോടെയാണ് സൂര്യ ഏകദിനത്തില്‍ കളിക്കുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. ഏകദിനത്തില്‍ നന്നായി കളിക്കുന്ന സഞ്ജുവിനെ പുറത്തിരുത്തി സൂര്യകുമാറിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനമാണെന്നും ആരാധകര്‍ പറയുന്നു.
ഏകദിനത്തില്‍ 25 ഇന്നിങ്‌സുകള്‍ സൂര്യ ഇന്ത്യക്കായി കളിച്ചു. 24.41 ശരാശരിയില്‍ വെറും 537 റണ്‍സ് മാത്രമാണ് താരം നേടിയിരിക്കുന്നത്. സ്‌ട്രൈക്ക് റേറ്റ് 99.81 ആണ്. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.