അഭിറാം മനോഹർ|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (17:14 IST)
ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് രോഹിത് ശര്‍മ. ഏകദിനത്തില്‍ 3 ഇരട്ടസെഞ്ചുറികളുള്ള താരം വമ്പന്‍ സ്‌കോറുകള്‍ സ്ഥിരമായി നേടുന്നതില്‍ സമര്‍ഥനാണ്. സമീപകാലത്തായി വമ്പന്‍ സ്‌കോറുകള്‍ നേടാനായില്ലെങ്കിലും ഇന്നും ലോകക്രിക്കറ്റില്‍ രോഹിത്തിനെ എഴുതിത്തള്ളാനാവില്ല. മികച്ച ടച്ചിലുള്ള ദിവസമാണെങ്കില്‍ ലോകത്തെ ഏത് ബൗളിംഗ് നിരയേയും കശാപ്പ് ചെയ്യാന്‍ രോഹിത്തിന് അനായാസം കഴിയും.
ഇത്തരത്തില്‍ രോഹിത് ശര്‍മയെ പറ്റിയുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. 5-6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ അന്നത്തെ നായകനായ വിരാട് കോലിയുമൊത്തുള്ള അനുഭവമാണ് അശ്വിന്‍ പങ്കുവെച്ചത്. 5-6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്ന സമയം ഞാനും കോലിയും രോഹിത്തിന്റെ ബാറ്റിംഗിനെ പറ്റി സംസാരിക്കുകയായിരുന്നു. ആ സമയം കോലി ഒരു ചോദ്യം ചോദിച്ചു. അവസാന ഓവറുകളില്‍ ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഏറ്റവും തലവേദന സൃഷ്ടിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ ആരാണെന്നായിരുന്നു കോലിയുടെ ചോദ്യം. ധോനിയല്ലെ എന്ന് ഞാന്‍ തിരിച്ചുചോദിച്ചു.
എന്നാല്‍ ധോനിയല്ല എന്ന മറുപടിയാണ് കോലി നല്‍കിയത്. അത് രോഹിത് ശര്‍മയാണ്. അവസാന ഓവറുകളില്‍ രോഹിത്തിനെതിരെ എവിടെ പന്തെറിയാനാണ്. എല്ലാത്തരം ഷോട്ടുകളും രോഹിത്തിന്റെ കയ്യിലുണ്ട്. അവസാന ഓവറുകളില്‍ എവിടെ ഫീല്‍ഡ് ഒരുക്കണമെന്നോ എവിടെ പന്തെറിയണമെന്നോ നമുക്ക് തീരുമാനിക്കാനാവില്ല. ചിന്നസ്വാമിയില്‍ ഐപിഎല്ലിനിടെ പലപ്പോഴും താന്‍ അത് അനുഭവിച്ചിട്ടുണ്ട്. കോലി അശ്വിനോട് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.