അഭിറാം മനോഹർ|
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (19:28 IST)
ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും നെതർലൻഡ്സിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി തിരിച്ചുവന്ന് സൂര്യകുമാർ യാദവ്. സിഡ്നിയിലെ സ്ലോ പിച്ചിൽ മറ്റ് ബാറ്റർമാർ റൺസ് കണ്ടെത്താൻ പാടുപ്പെട്ടപ്പോഴാണ് 200 പ്രഹരശേഷിയിൽ സൂര്യ മറ്റൊരു അർധസെഞ്ചുറി കൂടി സ്വന്തമാക്കിയത്.
വാൻ ബീക്ക് എറിഞ്ഞ ഇന്ത്യൻ ഇന്നിങ്ങ്സിലെ അവസാന പന്ത് ഫൈ ലെഗ്ഗിന് മുകളിലൂടെ സിക്സറിന് പറത്തിയാണ് സൂര്യ അർധസെഞ്ചുറി തികച്ചത്. 25 പന്തിലായിരുന്നു സൂര്യയുടെ അർധശതകം. ഇതോടെ ടി20 ക്രിക്കറ്റിൽ ഒരു വർഷം 200 മുകളിൽ പ്രഹരശേഷിയിൽ 5 അർധസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോർഡ് സൂര്യകുമാർ സ്വന്തമാക്കി.
ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ 55 പന്തിൽ 117, ഹോങ്കോങ്ങിനെതിരെ 39 പന്തിൽ 68, വിൻഡീസിനെതിരെ 31 പന്തിൽ 65, ദക്ഷിണാഫ്രിക്കക്കെതിരെ 22 പന്തിൽ 61, നെതർലൻഡ്സിനെതിരെ 25 പന്തിൽ 51 എന്നിങ്ങനെയാണ് ഈ വർഷം താരം 200 പ്രഹരശേഷിയിൽ നേടിയ അർധസെഞ്ചുറികൾ. ടി20 ക്രിക്കറ്റിൽ മറ്റൊരു ബാറ്റർക്കും നാല് തവണപോലും 200ന് മുകളിൽ പ്രഹരശേഷിയിൽ അർധസെഞ്ചുറി നേടാനായിട്ടില്ല.