രേണുക വേണു|
Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (21:09 IST)
India vs Sri Lanka 3rd ODI
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പര ലങ്ക 2-0 ത്തിനു സ്വന്തമാക്കി. ആദ്യ ഏകദിനം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ആതിഥേയരായ ശ്രീലങ്ക ഇന്ത്യ വീഴ്ത്തി. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ 110 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 26.1 ഓവറില്‍ 138 നു ഓള്‍ഔട്ടായി. അവിഷ്‌ക ഫെര്‍ണാണ്ടോയാണ് കളിയിലെ താരം. ദുനിത് വെല്ലാലഗെ പരമ്പരയിലെ താരം.
നായകന്‍ രോഹിത് ശര്‍മ 20 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത് ഒരിക്കല്‍ കൂടി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. എന്നാല്‍ പിന്നാലെ വന്നവരെല്ലാം അതിവേഗം കൂടാരം കയറി. വിരാട് കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി (18 പന്തില്‍ 20). വാഷിങ്ടണ്‍ സുന്ദര്‍ 25 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത് വാലറ്റത്ത് പൊരുതി നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലാലഗെ 5.1 ഓവറില്‍ 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടോസ് ലഭിച്ചു ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കു വേണ്ടി ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ 102 പന്തില്‍ നിന്ന് 96 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. ഓപ്പണര്‍ പതും നിസങ്ക 65 പന്തില്‍ 45 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസിന്റെ പ്രകടനവും ലങ്കയ്ക്കു തുണയായി (82 പന്തില്‍ 59).
ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയായിരുന്നു ഇത്. ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നെങ്കിലും ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വികള്‍ ഗംഭീറിനെ പ്രതിരോധത്തിലാക്കും. 1997 നു ശേഷം ആദ്യമായാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.