ടിഎൻപിഎൽ മാതൃകയിൽ കേരളത്തിലും ക്രിക്കറ്റ് ലീഗ്, ടീമുകളുടെ പേരും ഐക്കൺ താരങ്ങളെയും പ്രഖ്യാപിച്ചു

Kerala Cricket League
അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (12:16 IST)
Kerala League
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ഐക്കണ്‍ താരങ്ങളെയും പ്രഖ്യാപിച്ചു. സിനിമ- ബിസിനസ് മേഖലയിയിലെ പ്രമുഖരാണ് ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത്.
ട്രിവാന്‍ഡ്രം റോയല്‍സ്, കൊല്ലം സെയ്‌ലേഴ്‌സ്,ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്,തൃശൂര്‍ ടൈറ്റന്‍സ്,കാലിക്കട്ട് ഗ്ലോബ്‌സ്റ്റേഴ്‌സ് എന്നിങ്ങനെ ആറ് ടീമുകളാണ് കേരള ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുക. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയുമാണ് ട്രിവാന്‍ഡ്രം ടീമിന്റെ ഉടമകള്‍. കൊല്ലം ടീമിനെ സ്വന്തമാക്കിയത് ഏരിസ് ഗ്രൂപ്പ് ഉടമയായ സോഹന്‍ റോയിയാണ്.

കഴിഞ്ഞ ദിവസം നടന്ന ഫ്രാഞ്ചൈസികളുടെ മീറ്റിംഗിലാണ് ഓരോര്‍ത്തര്‍ക്കുള്ള ടീമുകളുടെ ജില്ലകളും പേരുകളും തീരുമാനിച്ചത്.
പി എ അബ്ദുള്‍ ബാസിത് ആയിരിക്കും ട്രിവാന്‍ഡ്രം ടീമിന്റെ ഐക്കണ്‍ പ്ലെയര്‍. സച്ചിന്‍ ബേബി കൊല്ലം സെയ്‌ലേഴ്‌സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും വിഷ്ണു വിനോദ് തൃശൂര്‍ ടൈറ്റന്‍സിന്റെയും റോഹന്‍ എസ് കുന്നമ്മല്‍ കാലിക്കട്ട് ഗ്ലോബ്‌സ്റ്റേഴ്‌സിന്റെയും ഐക്കണ്‍ കളിക്കാരാകും.


ഓഗസ്റ്റ് 10ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വെച്ചാകും കളിക്കാരുടെ ലേലം നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീയിലും ഒടിടി പ്ലാറ്റ്‌ഫോമായ ഫാന്‍ കോഡിലും ലേലം തത്സമയം ഉണ്ടാകും. സെപ്റ്റംബര്‍ 2 മുതല്‍ 9 വരെ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടക്കുക. നടന്‍ മോഹന്‍ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :