അഭിറാം മനോഹർ|
Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (19:46 IST)
ഐപിഎല്ലിലെ പുതിയ സീസണിൽ പരാജയപ്പെട്ട താരങ്ങൾ അനവധിയാണ്. പൃഥ്വി ഷായും ആവേശ് ഖാനും മായങ്ക് അഗർവാളുമടക്കം നിരവധി പേരാണ് സീസണിൽ കാര്യമായ പ്രകടനം നടത്താനാവാതെ പാടുപ്പെടുന്നത്. നേരത്തെ പഞ്ചാബ് കിംഗ്സിലായിരുന്നപ്പോൾ പല വെടിക്കെട്ട് പ്രകടനങ്ങളും നടത്തിയിട്ടുള്ള
മായങ്ക് അഗർവാൾ പുതിയ സീസണിൽ ടെസ്റ്റ് ശൈലിയിലാണ് ഹൈദരാബാദിനായി ബാറ്റ് വീശുന്നത്.
കഴിഞ്ഞ മത്സരത്തിൽ 48 റൺസുമായി മുംബൈ ഇന്ത്യൻസിനെതിരെ ടീമിൻ്റെ ടോപ് സ്കോറർ ആയെങ്കിലും മത്സരത്തിൽ 41 പന്തിൽ നിന്നും വെറും 48 റൺസാണ് താരം നേടിയത്. ഓപ്പണറായി ക്രീസിലെത്തുന്ന താരം പവർ പ്ലേ മുതലാക്കുന്നതിലും സമ്പൂർണ്ണ പരാജയമാണ്. കഴിഞ്ഞ 5 ഇന്നിങ്ങ്സുകളിലായി വെറും 108 എന്ന സ്ട്രൈക്ക്റേറ്റിലാണ് ടീമിൻ്റെ ഓപ്പണിംഗ് താരമായ മായങ്ക് ബാറ്റ് വീശുന്നത്. 22.60 എന്ന ശരാശരിയിൽ 113 റൺസാണ് മായങ്ക് ഈ സീസണിൽ നേടിയിട്ടുള്ളത്. മുംബൈ ഇന്ത്യൻസിനെതിരെയുള്ള മെല്ലെപ്പോക്കിൽ വൻ വിമർശനമാണ് ഹൈദരാബാദ് താരത്തിനെതിരെ ഉയർത്തുന്നത്.
പവർ പ്ലേയിൽ തണുപ്പൻ പ്രകടനമാണ് താരം നടത്തുന്നതെന്നും താരത്തെ ടീമിൽ നിന്ന് തന്നെ പുറത്താക്കേണ്ട സമയം കഴിഞ്ഞുവെന്നും ആരാധകർ പറയുന്നു. ടി20 ക്രിക്കറ്റിൽ ആങ്കർ റോളിന് വ്വലിയ പ്രാധാന്യമില്ലെന്നും ഓപ്പണറായി ഇറങ്ങുന്ന താരത്തിന് പവർ പ്ലേ മുതലാക്കാനാകണമെന്നും ആരാധകർ പറയുന്നു. മായങ്കിന് പകരം ഹാരി ബ്രൂക്കിനൊപ്പം വിവ്രാന്തിനെയോ അഭിഷേക് ശർമയേയോ ഓപ്പണറായി ടീം പരിഗണിക്കണമെന്നും ഹൈദരാബാദ് ആരാധകർ ആവശ്യപ്പെടുന്നു.