തോൽ‌വിയുടെ കാരണം അതാണ്, പക്ഷേ തോറ്റത് നന്നായി എന്ന് ശ്രേയസ് അയ്യർ !

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 21 ഒക്‌ടോബര്‍ 2020 (12:01 IST)
ദുബായ്: കിങ്സ് ഇലവന്‍ പഞ്ചാബിനോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് നായകൻ കൂളാണ്. പഞ്ചാബിനെതിരെ തോറ്റത് നന്നായി എന്നാണ് ശ്രേയസ് അയ്യരുടെ അഭിപ്രായം. അതിന് കൃത്യമായ കാരണവും ഡൽഹി ക്യാപ്റ്റൻ പറയുന്നുണ്ട്. ഈ തോൽവി ടീമിലെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് കാട്ടിത്തന്നും എന്നും അതുകൊണ്ട് തന്നെ തോൽവി ഗുണം ചെയ്യും എന്നുമാണ് ശ്രേയസ് അയ്യർ പറയുന്നത്.

'ഈ തോൽവിയിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിയ്ക്കും. വലിയ വിജയങ്ങൾ നേടുന്നതിനാൽ ടീമിലെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാൻ സാധിച്ചിരുന്നില്ല. പഞ്ചാബിനെതിരെയുള്ള തോൽവി എല്ലാ പ്രശ്നങ്ങളെയും ഞങ്ങൾക്ക് കാണിച്ചുതന്നു. അതുകൊണ്ട് അടുത്ത മത്സരത്തിൽ ഡൽഹിയിൽനിന്നും മികച്ച കളി തന്നെ കാണാനാകും. കൊൽക്കത്തയ്ക്കെതിരായ അടുത്ത മത്സരം ഡൽഹി ജയിയ്ക്കും.

തോൽവിയെ ഞങ്ങൾ കൃത്യമായി വിലയിരുത്തും, ഫീൽഡിങ്ങാണ് ഡൽഹിയിലെ പ്രധാന പ്രശ്നം. ഇതാണ് ഈ തോൽവിയ്ക്കും കാരണമായത്. ആ പ്രശ്നങ്ങൾ എല്ലാം അടുത്ത മത്സരത്തിന് മുൻപായി തന്നെ പരിഹരിയ്ക്കും' ശ്രേയസ് അയ്യർ പറഞ്ഞു. മത്സരത്തിൽ ഡൽഹി വലിയ ഫീൽഡിങ് പിഴവുകൾ തന്നെ വരുത്തിയിരുന്നു. ഗ്ലെൻ മാക്സ്‌വെല്ലിനെ റണ്ണൗട്ടാക്കാനുള്ള അവസരം ശിഖർ ധവാനും, നിക്കോളാസ് പൂരാനെ ഔട്ടാക്കാനുള്ള അവസരം ഋഷഭ് പന്തും ദീപക് ഹൂഡയെ പുറത്താക്കാനുള്ള ക്യാച്ച്‌ മാര്‍ക്ക്‌സ് സ്റ്റോയിനിസും നഷ്ടപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :