മുംബൈ|
jibin|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (15:24 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന്
ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു.
ശ്രീശാന്തിന്‍റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ല. ക്രിക്കറ്റിലെ അഴിമതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബോര്‍ഡിനുള്ളതെന്നും ബിസിസഐ വ്യക്തമാക്കി.
കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി നിലപാട് ആവർത്തിച്ചത്.
കെസിഎ ഭാരവാഹികളായ ടിസി മാത്യുവും കെ അനന്തനാരായണനും കൂടി പങ്കെടുത്ത ബിസിസിഐ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും ബിസിസഐ കൂട്ടിച്ചേര്‍ത്തു.
ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്ക് ബിസിസിഐ തുടരുന്നതിനിടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീശാന്തിന്‍റെ ഹർജി.