അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (10:53 IST)
ടി20 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക സെമിയില്‍. സൂപ്പര്‍ എട്ടിലെ അവസാന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക സെമിഫൈനല്‍ ടിക്കറ്റെടുത്തത്. ഗ്രൂപ്പ് രണ്ടില്‍ ചാമ്പ്യന്മാരായാണ് ദക്ഷിണാഫ്രിക്കയുടെ സെമിഫൈനല്‍ പ്രവേശം.
ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് 6 പോയന്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഇന്നലെ അമേരിക്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് തങ്ങളുടെ സെമി ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായിരുന്നു ഇംഗ്ലണ്ട്. 136 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും അവസാന ഓവറുകളില്‍ മാര്‍ക്കോ യാന്‍സന്‍ നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നേടികൊടുത്തത്. രണ്ടോവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 15 റണ്‍സിന് 2 എന്ന നിലയില്‍ മഴയെത്തിയതോടെ മത്സരം തടസ്സപ്പെട്ടിയിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ എന്നും ദ്രോഹിച്ചിട്ടുള്ള
മഴ നിയമങ്ങള്‍ ഈ ലോകകപ്പിലും പണി നല്‍കുമെന്ന സൂചന ആദ്യം ലഭിച്ചെങ്കിലും മഴ മാറിയതോടെ ഓവര്‍ കുറച്ച് മത്സരം പുനരാരംഭിക്കുകയായിരുന്നു.
17 ഓവറില്‍ വിജയലക്ഷ്യം 123 റണ്‍സായി നിശ്ചയിച്ചതോടെ എയ്ഡന്‍ മാര്‍ക്രം. ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ് എന്നിവര്‍ ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 42ല്‍ നില്‍ക്കെ 18 റണ്‍സെടുത്ത മാര്‍ക്രത്തിന്റെ വിക്കറ്റ് വെസ്റ്റിന്‍ഡീസിന് നഷ്ടമായി. ഹെന്റിച്ച് ക്ലാസന്‍ മികച്ച പ്രകടനത്തോടെ റണ്‍ റേറ്റ് ഉയര്‍ത്തിയെങ്കിലും ക്ലാസനും പിന്നാലെ സ്റ്റമ്പ്‌സും മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന്റെ രക്ഷകനായ ഡേവിഡ് മില്ലര്‍ 14 പന്തില്‍ വെറും 4 റണ്‍സുമായി നിരാശപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 110-7 എന്ന നിലയിലായി.വീണ്ടും മഴ നിയമങ്ങള്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ കണ്ണീര്‍ വീഴ്ത്തുമോ എന്ന ആശങ്ക സൃഷ്ടിചെങ്കിലും മാര്‍കോ യാന്‍സനും റബാഡയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.