അഭിറാം മനോഹർ|
Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2024 (11:34 IST)
വനിതാ ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സിന് തളച്ച ദക്ഷിണാഫ്രിക്ക 17.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 48 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന അന്നേക ബോഷ് ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് 37 പന്തില്‍ 42 റണ്‍സുമായി തിളങ്ങി.
2023ലെ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയായിരുന്നു ഓസ്‌ട്രേലിയയുടെ ഹാട്രിക് കിരീടനേട്ടം. അന്നേറ്റ തോല്‍വിക്ക് പ്രതികാരം ചെയ്യാനും ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കായി. വനിതാ ടി20 ക്രിക്കറ്റില്‍ ഓസീസിനെതിരെ കളിച്ച 11 കളികളില്‍ ദക്ഷിണാഫ്രിക്ക നേടുന്ന രണ്ടാമത്തെ വിജയവും ടി20 ലോകകപ്പിലെ ആദ്യ വിജയവുമാണിത്. 2009ന് ശേഷം നടന്ന 7 വനിതാ ടി20 ലോകകപ്പുകളില്‍ ആറെണ്ണത്തിലും വിജയികളായത് ഓസീസായിരുന്നു. ഒരു തവണ മാത്രമാണ് ഫൈനലില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടത്. അവസാനം നടന്ന 3 ലോകകപ്പുകളിലും(2018,2020,2023) ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ 2010,2012,2014 വര്‍ഷങ്ങളിലും ചാമ്പ്യന്മാരായിട്ടുണ്ട്.