രേണുക വേണു|
Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (07:47 IST)
India Women vs Australia Women, T20 World Cup: വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ തുലാസില്‍. നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയോടു ഒന്‍പത് റണ്‍സിനു തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും (47 പന്തില്‍ പുറത്താകാതെ 54) ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ദീപ്തി ശര്‍മ 25 പന്തില്‍ 29 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. ഓസ്‌ട്രേലിയയ്ക്കായി അന്നബെല്‍ സതര്‍ലാന്‍ഡ്, സോഫി മോളിനക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനും മികച്ച തുടക്കമായിരുന്നില്ല. 41 പന്തില്‍ 40 റണ്‍സെടുത്ത ഗ്രേസ് ഹാരിസ് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. തഹ്ലിയ മഗ്രാത്ത്, അലിസ് പെറി എന്നിവര്‍ 32 റണ്‍സ് വീതം സ്‌കോര്‍ ചെയ്തു.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാമായിരുന്നു. ഇനി സെമിയില്‍ കയറണമെങ്കില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അട്ടിമറിക്കണം.