അഭിറാം മനോഹർ|
Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (12:32 IST)
ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ 9 റണ്‍സിന്റെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍. ഇരു ടീമുകളുടെയും ടീം വര്‍ക്കിലെ വ്യത്യാസത്തെ പറ്റിയാണ് ഹര്‍മന്‍ എടുത്തുപറഞ്ഞത്. ഇന്ത്യ കുറച്ച് വ്യക്തികളെ മാത്രം ആശ്രയിക്കുമ്പോള്‍ ഓസ്‌ട്രേലിയ കൂട്ടായ പരിശ്രമത്തിലൂടെയാണ് മുന്നേറുന്നതെന്ന് ഹര്‍മന്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ ടീമിലെ എല്ലാവരും ടീമിനായി സംഭാവന ചെയ്യുന്നു. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ചല്ല അവര്‍ കളിക്കുന്നത്. അവര്‍ക്ക് ഒരുപാട് ഓള്‍ റൗണ്ടര്‍മാരാണ്. അവര്‍ വെറുതെ റണ്‍സ് വിട്ടുകൊടുക്കുന്നവരല്ല. കൂടാതെ വലിയ മത്സരപരിചയവും അവര്‍ക്കുണ്ട്. അതിനാല്‍ തന്നെ അവര്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു.
രാധ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. നല്ല ഫീല്‍ഡര്‍ കൂടിയാണ്. അങ്ങനെയൊരു താരത്തെ ടീമിന് എപ്പോഴും ആവശ്യമുണ്ട്. ഞാനും ദീപ്തിയും നില്‍ക്കുമ്പോള്‍ വിജയിക്കാവുന്ന ടോട്ടലായിരുന്നു. ഓസീസില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഹര്‍മന്‍ പ്രീത് കൗര്‍ പറഞ്ഞു.
മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 152 വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 25 പന്തില്‍ 29 റണ്‍സുമായി ദീപ്ത് ശര്‍മ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിന് പിന്തുണ നല്‍കിയെങ്കിലും മത്സരത്തില്‍ 9 റണ്‍സ് അകലെ ഇന്ത്യന്‍ സംഘം വീണുപോയി. 47 പന്തില്‍ 54* റണ്‍സുമായി തിളങ്ങിയ ഹര്‍മന്‍ പ്രീത് മാത്രമാണ് ഇന്ത്യന്‍ സംഘത്തില്‍ തിളങ്ങിയത്. അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്ക വിജയിക്കാന്‍ 14 റണ്‍സെന്ന നിലയില്‍ നിന്ന ഇന്ത്യയ്ക്ക് 5 റണ്‍സ് മാത്രമാണ് ഓവറില്‍ നേടാനായത്.