രേണുക വേണു|
Last Modified ബുധന്‍, 20 ഡിസംബര്‍ 2023 (08:40 IST)
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിലെ എട്ട് വിക്കറ്റ് തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറില്‍ 211 ന് ഓള്‍ഔട്ടായപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റും 45 പന്തും ശേഷിക്കെ വിജയത്തിലെത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 1-1 എന്ന നിലയിലായി. അവസാന ഏകദിനം ഇരു ടീമുകള്‍ക്കും നിര്‍ണായകം.
സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ടോണി ദെ സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. സോര്‍സി 122 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പത് ഫോറും ആറ് സിക്‌സുകളും അടങ്ങിയതായിരുന്നു സോര്‍സിയുടെ കന്നി ഏകദിന സെഞ്ചുറി ഇന്നിങ്‌സ്. മറ്റൊരു ഓപ്പണറായ റീസ ഹെന്‍ഡ്രിക്‌സ് 81 പന്തില്‍ 52 റണ്‍സ് നേടി. റാസി വാന്‍ ദേ ദസന്‍ 51 പന്തില്‍ 36 റണ്‍സും സ്വന്തമാക്കി.
ഇന്ത്യന്‍ നിരയില്‍ അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ (83 പന്തില്‍ 62), നായകന്‍ കെ.എല്‍.രാഹുല്‍ (64 പന്തില്‍ 56) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍ 12 റണ്‍സ് മാത്രം നേടി നിരാശപ്പെടുത്തി.