'എന്തിനാണ് ദ്രാവിഡേ അങ്ങനെയൊരു തീരുമാനം'; നിര്‍ത്തി പൊരിച്ച് ഗാംഗുലിയും ഹര്‍ഭജനും

വിക്കറ്റില്‍ പുല്ലിന്റെ സാന്നിധ്യം കണ്ടിരുന്നു. മേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷമായിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (08:40 IST)

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിനു പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെ രൂക്ഷ വിമര്‍ശനം. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, മുന്‍ താരം ഹര്‍ഭജന്‍ സിങ് എന്നിവര്‍ ദ്രാവിഡിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഓവലില്‍ ടോസ് ലഭിച്ചിട്ടും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് ഗാംഗുലി ചോദിച്ചു.

' രാഹുല്‍, ഞാന്‍ നിങ്ങള്‍ക്കൊപ്പം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇന്ത്യയെ നിങ്ങള്‍ നിരവധി മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരത്തില്‍ തുടക്കത്തിലാണ് നമ്മള്‍ പൊതുവെ സമ്മര്‍ദ്ദം ഏറ്റെടുക്കുന്നത്, അല്ലാതെ അവസാന ദിനത്തില്‍ അല്ലല്ലോ,' ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുക്കാത്ത തീരുമാനത്തെ ഗാംഗുലി ചോദ്യം ചെയ്തു.

വിക്കറ്റില്‍ പുല്ലിന്റെ സാന്നിധ്യം കണ്ടിരുന്നു. മേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷമായിരുന്നു. ഈ സാഹചര്യത്തില്‍ ഒരോ ദിവസം കഴിയും തോറും ബാറ്റിങ് കൂടുതല്‍ എളുപ്പമാകുമെന്നാണ് ഞങ്ങള്‍ കരുതിയത്. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് മുന്‍തൂക്കം ഉണ്ടാകുമെന്ന് പല തവണ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ടോസ് ലഭിച്ചപ്പോള്‍ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് വിട്ടതെന്ന് ദ്രാവിഡ് മറുപടി പറഞ്ഞു.

ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ സ്ഥിതി അതീവ മോശമാണെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ടോപ് ഓര്‍ഡര്‍ താരങ്ങളുടെ ശരാശരി വളരെ കുറവാണ്. അതിനൊരു പരിഹാരം ഉടന്‍ കാണണമെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യയില്‍ നടന്ന പല ടെസ്റ്റ് മത്സരങ്ങളും സ്പിന്‍ ബൗളിങ് കാരണം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഫലം കാണുന്നവയായിരുന്നു. ഈ രീതി വിദേശത്ത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടില്ലേ എന്ന് ഹര്‍ഭജന്‍ സിങ് ചോദിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :