ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണറായി ശുഭ്മാൻ ഗിൽ, ഇഷാനെ കളിപ്പിക്കാനാവാത്തത് നിർഭാഗ്യമെന്ന് താരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ജനുവരി 2023 (21:46 IST)
ശ്രീലങ്കക്കെതിരെ നാളെ നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിൽ തനിക്കൊപ്പം ശുഭ്മാൻ ഗില്ലായിരിക്കും ഓപ്പൺ ചെയ്യുകയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ചുറി ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയ യുവതാരം ഇഷാൻ കിഷൻ ഇതോടെ ടീമിന് പുറത്താകും. ഇഷാനെ കളിപ്പിക്കാനാവില്ല എന്നത് ദൗർഭാഗ്യകരമാണെന്നും എന്നാൽ ശുഭ്മാൻ ഗില്ലിന് അർഹമായ പരിഗണന നൽകേണ്ടതുണ്ടെനും രോഹിത് പറഞ്ഞു.

ഏകദിനത്തിൽ കഴിഞ്ഞ വർഷം 12 മത്സരങ്ങളിൽ നിന്ന് 70.88 ശരാശരിയിൽ 638 റൺസാണ് ഗിൽ നേടിയത്. ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ഇഷാൻ കിഷനാകട്ടെ കഴിഞ്ഞ വർഷം 7 ഇന്നിങ്ങ്സുകളിൽ നിന്ന് 417 റൺസാണ് നേടിയത്. ബംഗ്ലാദേശിനെതിരെ 126 പന്തിൽ സ്വന്തമാക്കിയ ഇരട്ടസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു.

മൂന്നാം നമ്പറിൽ വിരാട് കോലി തിരിച്ചെത്തുമ്പോൾ നാലാം നമ്പറിൽ സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ ഇതിൽ ഒരാൾക്ക് മാത്രമാകും അവസരം ലഭിക്കുക. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരമാണ് ശ്രേയസ് അയ്യർ. അതേസമയം ടി20യിൽ സ്വപ്നതുല്യമായ പ്രകടനമാണ് സൂര്യകുമാർ നടത്തുന്നത്. ബൗളിങ്ങിൽ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും തിരിച്ചെത്തുമ്പോൾ അർഷദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവരിൽ ഒരാൾക്ക് മാത്രമാകും അവസരം ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :