പരിക്ക് മാറി സീനിയേഴ്സ് തിരിച്ചെത്തുന്നു, പ്രതിസന്ധിയിലായി സെലക്ടർമാർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ജനുവരി 2023 (18:23 IST)
സീനിയർ താരങ്ങൾ വിട്ടുനിന്ന ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ ആധികാരികമായ വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലുമെല്ലാം പുതുനിരയെ അണിനിരത്തികൊണ്ടുള്ള ഇന്ത്യൻ പരീക്ഷണം വിജയമായിരുന്നു. ടി20 പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

എന്നാൽ ടി20യിലെ മികച്ച പ്രകടനവുമായി യുവതാരങ്ങൾ നിൽക്കുകയും സീനിയർ താരങ്ങൾ ടീമിൽ മടങ്ങിയെത്തുകയും ചെയ്യുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ടീം സെലക്ടർമാർ. നായകൻ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി,ജസ്പ്രീത് ബുമ്ര,മുഹമ്മദ് ഷമി,കെ എൽ രാഹുൽ എന്നിവർ തിരികെയെത്തുന്നതോടെ ഏകദിനടീമിൽ നിന്നും സമീപകാലത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച യുവതാരങ്ങൾക്ക് ഇടം നഷ്ടമാകും.

ശ്രേയസ് അയ്യരിന് പുറമെ,ശുഭ്മാൻ ഗിൽ,സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ എന്നിവരിൽ ആരെല്ലാം സീനിയർ താരങ്ങൾക്കൊപ്പം ടീമിലിടം നേടുമെന്നത് ഉറപ്പില്ല. പരിക്ക് മാറി രവീന്ദ്ര ജഡേജ കൂടി തിരിച്ചെത്തുന്നതോടെ അക്സർ പട്ടേലിൻ്റെ ഇടവും ഉറപ്പില്ലാതാകും. ബൗളിങ് നിരയിൽ ബുമ്ര,ഷമി എന്നിവർക്കൊപ്പം മുഹമ്മദ് സിറാജും കൂടി ടീമിലെത്തുന്നതോടെ ടീമിൽ നിന്നും അർഷദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവർ പുറത്താകും.സ്പിന്നർമാരിൽ യുസ്വേന്ദ്ര ചാഹൽ,കുൽദീപ് യാദവ്,വാഷിംഗ്ടൺ സുന്ദർ,അക്സർ പട്ടേൾ ഇവരിൽ ആരെ ഉൾപ്പെടുത്തണം എന്നതിലും ആശയക്കുഴപ്പമുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :