അഭിറാം മനോഹർ|
Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (09:47 IST)
ലോകക്രിക്കറ്റില്‍ വിരാട് കോലിയുടെ പിന്‍ഗാമി എന്ന വിശേഷണം ഏറ്റുവാങ്ങികൊണ്ട് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് ഇന്ത്യയുടെ യുവതാരമായ ശുഭ്മാന്‍ ഗില്‍ നടത്തുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലും തിളങ്ങിയ ഗില്‍ ഇത്തവണ ലോകകപ്പ് ലക്ഷ്യമിട്ട് വരുന്ന ഇന്ത്യന്‍ ടീമിന് നല്‍കുന്ന കരുത്ത് വളരെ വലുതാണ്. 2023ല്‍ 19 കളികളിലായി 70 റണ്‍സ് ശരാശരിയില്‍ 1126 റണ്‍സാണ് ഗില്‍ ഇതിനകം നേടിയത്. ഇതില്‍ ഒരു ഡബിള്‍ സെഞ്ചുറിയും 4 സെഞ്ചുറിയും 5 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.
ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകളെന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് നേട്ടവും കൂടി ലക്ഷ്യം വെയ്ക്കുകയാണ് ഗില്‍. 1998ല്‍ 1894 റണ്‍സാണ് സച്ചിന്‍ നേടിയത്. 2023 ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങള്‍ മാറ്റിവെച്ചാല്‍ പോലും ഇന്ത്യയ്ക്ക് 15 ഏകദിനമത്സരങ്ങള്‍ ബാക്കിയുണ്ട്. 769 റണ്‍സാണ് ഇത്രയും മത്സരങ്ങളില്‍ നിന്ന് ഗില്ലിന് ആവശ്യമായുള്ളത്. നിലവിലെ ഫോമില്‍ ഗില്ലിനെ വലിയ ബുദ്ധിമുട്ടുകളില്ലാതെ തന്നെ ഈ നേട്ടം മറികടക്കാനാവും.