സച്ചിന്റെയും കോലിയുടെയും കുറേ റെക്കോര്‍ഡുകള്‍ പഴങ്കഥയാകും; ഗില്‍ അടുത്ത ലെജന്റ് ആകുമെന്ന് സോഷ്യല്‍ മീഡിയ

63 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും സഹിതം പുറത്താകാതെ 126 റണ്‍സാണ് ഗില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയത്

രേണുക വേണു| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (08:53 IST)

ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ അടുത്ത ലെജന്റ് ആകുമെന്ന് സോഷ്യല്‍ മീഡിയ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവരുടെ നിരവധി റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള പ്രതിഭ ഗില്ലിന് ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 യില്‍ സെഞ്ചുറി നേടിയ ഗില്‍ മൂന്ന് ഫോര്‍മാറ്റിലും തന്റെ സാന്നിധ്യം അനിഷേധ്യമാണെന്ന് അടിവരയിടുകയാണ്.

63 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും സഹിതം പുറത്താകാതെ 126 റണ്‍സാണ് ഗില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയത്. 200 ആണ് സ്‌ട്രൈക്ക് റേറ്റ്. വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്ന ഇന്നിങ്‌സായിരുന്നു ഗില്ലിന്റേത്. ട്വന്റി 20 യിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് കോലിയുടെ പേരിലായിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 റണ്‍സ്.

ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് ഗില്‍. നേരത്തെ സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :