വെറും ഫ്രീ വിക്കറ്റ്, ഒരു ഇരട്ട സെഞ്ചുറിയുടെ പേരില്‍ ടീമില്‍ തുടരുന്നു; ഇഷാന്‍ കിഷനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഇന്ത്യക്കായി അവസാനം കളിച്ച 14 ഇന്നിങ്സുകളില്‍ നിന്ന് വെറും 199 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയിരിക്കുന്നത്

രേണുക വേണു| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (20:38 IST)

ഇഷാന്‍ കിഷനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 യിലും പരാജയപ്പെട്ടതോടെയാണ് ആരാധകര്‍ ഇഷാന്‍ കിഷനെതിരെ തിരിഞ്ഞത്. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്താണ് ഇഷാന്‍ മൂന്നാം ട്വന്റി 20 യില്‍ മടങ്ങിയത്. കഴിഞ്ഞ കളിയില്‍ 32 പന്തില്‍ 19 റണ്‍സെടുത്താണ് ഇഷാന്‍ പുറത്തായത്. ഒന്നാം ട്വന്റി 20 യില്‍ ഒറ്റ അക്കത്തിനും പുറത്തായി.

ഇന്ത്യക്കായി അവസാനം കളിച്ച 14 ഇന്നിങ്സുകളില്‍ നിന്ന് വെറും 199 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയിരിക്കുന്നത്. ഒരു അര്‍ധ സെഞ്ചുറി പോലുമില്ല. 37 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. പവര്‍പ്ലേയില്‍ വളരെ സാവധാനമാണ് ഇഷാന്‍ റണ്‍സ് കണ്ടെത്തുന്നത്. പവര്‍പ്ലേയില്‍ റണ്‍സ് നേടാന്‍ സാധിക്കാത്ത ഇഷാന്‍ കിഷന്‍ ഇന്ത്യക്ക് ബാധ്യതയാകുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. സ്പിന്നിനെതിരെയും ഇഷാന്‍ കിഷന്‍ പതറുകയാണ്.

ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയതിന്റെ പേരിലാണ് ഇഷാന്‍ കിഷന്‍ ടീമില്‍ തുടരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇടംകയ്യന്‍ ബാറ്ററായതും വിക്കറ്റ് കീപ്പറാണെന്നും ഇഷാന്‍ കിഷന് ടീമില്‍ ആധിപത്യം നല്‍കുന്നു. എന്നാല്‍ സഞ്ജു സാംസണെ പോലുള്ള താരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോള്‍ തുടര്‍ പരാജയമായ ഇഷാന്‍ കിഷനെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നത് ശരിയല്ലെന്നാണ് ആരാധകരുടെ വാദം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :