സ്പിന്നര്‍മാര്‍ക്ക് വിക്കറ്റെടുക്കാനാവില്ലെന്നാണ് ഗില്ലിന്റെ വിചാരം, ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് അജയ് ജഡേജ
സ്പിന്നര്‍മാര്‍ക്കായി ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും ഗില്‍ പിന്നിലാണ്.
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതോടെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ അജയ് ജഡേജ. സ്പിന്നര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നതില്‍ ഗില്‍ പരാജയമാണെന്നാണ് ജഡേജയുടെ വിലയിരുത്തല്‍.
ഓരോ ക്യാപ്റ്റനും തന്റെ കാഴ്ചപ്പാടിനും ധാരണയ്ക്കും അനുസരിച്ചാണ് ടീമിനെ നയിക്കുന്നത്.ഗില്ലിന്റെ കാര്യം പറയുമ്പോള്‍ പേസര്‍മാര്‍ പന്തെറിയുമ്പോള്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡര്‍മാരെ നിര്‍ത്താന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. കൂടാതെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ എറിയിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ട്. സീമര്‍മാരെ കൊണ്ട് വെറും ലൈന്‍ ആന്‍ഡ് ലെങ്തില്‍ എറിയിക്കാതെ ബാറ്റര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നതാണ് ഗില്ലിന്റെ സമീപനം. അതിനാല്‍ പേസര്‍മാരെ ഗില്‍ നല്ല രീതിയില്‍ തന്നെ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ അതേസമയം സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ ഗില്ലൊരു പരാജയമാണ്. ഇടയ്ക്ക് സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നേടാനാവില്ലെന്ന ധാരണ ഗില്ലിനുണ്ടായിരുന്നു. സ്പിന്നര്‍മാര്‍ക്കായി ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും ഗില്‍ പിന്നിലാണ്. സ്പിന്നര്‍മാരെ ഗില്‍ അനായാസമായി നേരിടുന്നതുകൊണ്ടാകാം അവര്‍ക്ക് വിക്കറ്റെടുക്കാനാവില്ല എന്നൊരു തോന്നല്‍ ഗില്ലിന്നുള്ളത്. അതിനാല്‍ മത്സരത്തിന്റെ ഏത് സാഹചര്യത്തിലും സ്പിന്‍ ബൗളിങ്ങില്‍ ടീമിന്റെ ഫീല്‍ഡ് പ്ലെയ്‌സ്‌മെന്റ് എപ്പോഴും ഒരുപടി താഴെയായിരിക്കും. സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ജഡേജ പറഞ്ഞു.