വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 29 ജനുവരി 2021 (12:02 IST)
മുംബൈ: ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ നിർണായക പങ്കുവഹിച്ച യുവതാരങ്ങളിൽ ഒരാളാണ് ശുഭ്മാൻ ഗിൽ. ആദ്യ മത്സരത്തിൽ ഗില്ലിന് അവസരം ലഭിച്ചില്ലെങ്കിലും പിന്നീടുള്ള മൂന്ന് ടെസ്റ്റിലും ഗിൽ ഇന്ത്യൻ നിരയുടെ നിർണായക സാനിധ്യമായി മാറി. ഗാബ്ബയിലെ ചരിത്ര നേട്ടത്തിനായി ഇന്ത്യ ഇറങ്ങിയപ്പോൾ 91 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോറർ ആയത് ഈ 21 കാരനായിരുന്നു. ഇപ്പോഴിതാ തന്റെ ടെസ്റ്റ് അരങ്ങെറ്റത്തെ കുറിച്ച് മനസു തുറന്നിരിയ്ക്കുകയാണ് ശുഭ്മാൻ ഗിൽ.
'അഡ്‌ലെയ്ഡിൽ മികച്ച നിലയിൽ തുടങ്ങിയ ഇന്ത്യ 36 റൺസിന് ഓൾഔട്ടായത് വിശ്വാസിയ്ക്കാൻ സാധിയ്ക്കുന്നതായിരുന്നില്ല. ഒരു മണിക്കൂറുകൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. പിറ്റേന്ന് വന്ന പത്രങ്ങളിലെ തലക്കെട്ടിൽ ഒന്ന് ദ് ഗ്രേറ്റ് അഡ്‌ലെയ്ഡ് കൊളാപ്സ് എന്നായിരുന്നു, ഈ പരമ്പര ഇത്തരത്തിൽ തകർച്ചയുടെ വാർത്തയാകരുത്, മറിച്ച് എന്നും ഓർമ്മിയ്ക്കപ്പെടേണ്ടതാവണം എന്ന് ഞാൻ ആഗ്രഹിച്ചു. മെൽബണിൽ അവസരം ലഭിയ്ക്കും എന്ന് നേരത്തെ തന്നെ എനിയ്ക്ക് അറിയാമായിരുന്നു. അരങ്ങേറ്റ മത്സരത്തിന്റെ രാത്രി എനിയ്ക്ക് ഉറക്കം വന്നില്ല, ഉറക്ക ഗുളിക കഴിച്ചാണ് അന്ന് ഉറങ്ങിയത്. ഗിൽ പറഞ്ഞു.'