ലോകകപ്പിന് ശേഷം ശ്രേയസ് അയ്യര്‍ ഏകദിന ടീം ക്യാപ്റ്റനാകും; റിപ്പോര്‍ട്ട്

രേണുക വേണു| Last Modified വെള്ളി, 30 ജൂണ്‍ 2023 (13:19 IST)

ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിനെ അടിമുറ്റി പൊളിച്ചെഴുതാന്‍ ബിസിസിഐ. ടീമില്‍ തലമുറ മാറ്റം നടപ്പിലാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെ ലഭിക്കും. മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ എന്ന ആശയം ഇന്ത്യന്‍ ടീമിലും നടപ്പിലാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഒപ്പം പരിശീലക സംഘത്തിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ട്വന്റി 20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ നായകനായി തുടരും. രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നിവര്‍ ഇനി ട്വന്റി 20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്ന കാര്യം സംശയമാണ്. അടുത്ത ട്വന്റി 20 ലോകകപ്പിന് മുന്‍പ് യുവതാരങ്ങളെ അണിനിരത്തി ടീം സജ്ജമാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം.

ഏകദിന ഫോര്‍മാറ്റില്‍ ശ്രേയസ് അയ്യരെ നായകനാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ബാറ്റിങ്ങില്‍ സ്ഥിരതയുള്ള താരമാണെന്നതും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിനെ നയിക്കാന്‍ കഴിവുണ്ട് എന്നതും ശ്രേയസിന് അനുകൂലമായി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചൈസികളെ നയിച്ചിട്ടുള്ള പരിചയസമ്പത്ത് ശ്രേയസിനുണ്ട്. ക്യാപ്റ്റന്‍സി ഉത്തരവാദിത്തം വഹിച്ചുകൊണ്ട് തന്നെ മധ്യനിരയില്‍ മികച്ച പ്രകടനം നടത്താനും ശ്രേയസിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ടെസ്റ്റ് ക്യാപ്റ്റന്‍സി ആര്‍ക്ക് നല്‍കണമെന്ന കാര്യത്തിലാണ് ബിസിസിഐ തല പുകയ്ക്കുന്നത്. തല്‍ക്കാലത്തേക്ക് അജിങ്ക്യ രഹാനെയെ നായകനാക്കാം എന്ന അഭിപ്രായം ബിസിസിഐ നേതൃത്വത്തിനുണ്ട്. അതിനുശേഷം പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി തിരിച്ചെത്തുമ്പോള്‍ റിഷഭ് പന്തിന് ടെസ്റ്റ് ക്യാപ്റ്റന്‍സി നല്‍കണമെന്നാണ് പൊതുവെ ഉള്ള അഭിപ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :