എന്തൊരു വൃത്തികേടാണ് ചെയ്തതെന്ന് ആരാധകര്‍; ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു, മാപ്പ് ചോദിക്കുന്നുവെന്ന് ഷാക്കിബ്

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 11 ജൂണ്‍ 2021 (19:35 IST)

കളിക്കളത്തിലെ മോശം പെരുമാറ്റത്തില്‍ പുലിവാല് പിടിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന്‍. ധാക്ക പ്രീമിയര്‍ ലീഗിലെ മത്സരത്തിലാണ് ഷാക്കിബ് അതിരുവിട്ടു പെരുമാറിയത്. ലീഗില്‍ ഷാക്കിബ് കളിക്കുന്ന മുഹമ്മദന്‍ സ്‌പോര്‍ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള പോരാട്ടം നടക്കുമ്പോഴാണ് വിവാദത്തിനു കാരണമായ സംഭവം.

ആദ്യം ബാറ്റ് ചെയ്ത മുഹമ്മദന്‍ നിശ്ചിത 20 ഓവറില്‍ 145 റണ്‍സ് എടുത്തു. പിന്നീട് അബഹാനി ലിമിറ്റഡ് ബാറ്റ് ചെയ്യുകയായിരുന്നു. അഞ്ചാം ഓവര്‍ എറിയാനെത്തിയത് ഷാക്കിബ് ആണ്. അബഹാനിക്കായി ബാറ്റ് ചെയ്യുന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ തന്നെ മറ്റൊരു താരമായ മുഷ്ഫിഖര്‍ റഹീം. ഈ ഓവറിലെ ഒരു പന്തില്‍ ഷാക്കിബ് എല്‍ബിഡബ്‌ള്യു ആവശ്യപ്പെട്ട് അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് അനുവദിച്ചില്ല. ഇത് ഷാക്കിബിനെ പ്രകോപിപ്പിച്ചു. ഉടനെ ഷാക്കിബ് വിക്കറ്റില്‍ ചവിട്ടി. തുടര്‍ന്ന് അംപയറോട് കോപിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി ക്രിക്കറ്റ് ആരാധകര്‍ ഷാക്കിബിനെ വിമര്‍ശിച്ച് രംഗത്തെത്തി. എന്തൊരു വൃത്തികേടാണ് ചെയ്തതെന്ന് നിരവധിപേര്‍ ചോദിച്ചു.

ഇതേ മത്സരത്തില്‍ തന്നെ മറ്റൊരു മോശം പ്രവൃത്തിയും ഷാക്കിബ് ചെയ്തു. അതും അംപയര്‍ക്കെതിരെ തന്നെയായിരുന്നു. ഇത്തവണ വിക്കറ്റ് മൊത്തം വലിച്ചൂരി എറിഞ്ഞാണ് ഷാക്കിബ് ദേഷ്യം തീര്‍ത്തത്.
വിമര്‍ശനം രൂക്ഷമായതോടെ ഷാക്കിബ് തന്നെ മാപ്പ് ചോദിച്ച് രംഗത്തെത്തി. കളിക്കിടെ അതിരുവിട്ടു പെരുമാറിയതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായി ഷാക്കിബ് പറഞ്ഞു. 'എന്നെ പോലൊരു മുതിര്‍ന്ന താരം ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. പെട്ടന്ന് സംഭവിച്ചു പോയതാണ്. ടീമിനോടും മാനേജ്‌മെന്റിനോടും ടൂര്‍ണമെന്റ് അധികൃതരോടും സംഘാടകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. മാനുഷികമായ ഒരു തെറ്റാണ് പറ്റിയത്. ഭാവിയില്‍ ഇങ്ങനെ ആവര്‍ത്തിക്കില്ലെന്ന് പറയുന്നു,' ഷാക്കിബ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :