ആദ്യ സാധ്യത സഞ്ജുവിനോ ഇഷാന്‍ കിഷനോ? മലയാളി താരത്തിന്റെ ഭാവി നിര്‍ണയിക്കുക ശ്രീലങ്കയ്‌ക്കെതിരായ പരമ്പര

രേണുക വേണു| Last Modified വെള്ളി, 11 ജൂണ്‍ 2021 (16:26 IST)

റിഷഭ് പന്തിന്റെ മിന്നുന്ന ഫോം കാരണം തുടര്‍ച്ചയായി അവസരം നഷ്ടപ്പെടുന്ന താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന രീതിയില്‍ അല്ലാതെ മറ്റൊരു പൊസിഷനിലും സഞ്ജുവിനെ ഇറക്കാനുള്ള സാധ്യത ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഇല്ല. എന്നാല്‍, ശ്രീലങ്കയ്‌ക്കെതിരായ പരമ്പര സഞ്ജുവിന് സുവര്‍ണാവസരമാണ്. മികച്ച പ്രകടനം നടത്തിയാല്‍ റിഷഭ് പന്തിനൊപ്പം ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരമാകാന്‍ സഞ്ജുവിന് സാധിക്കും.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി സഞ്ജു സാംസണും ഇഷാനും കിഷനുമാണ് ഇടംപിടിച്ചിരിക്കുന്നത്. സഞ്ജുവിന് തന്നെയാണ് ആദ്യ സാധ്യത. രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനം വഹിച്ചുള്ള അനുഭവ സമ്പത്ത് സഞ്ജുവിനുണ്ട്. അതോടൊപ്പം സഞ്ജുവിന്റെ ബാറ്റിങ് മികവും വിക്കറ്റിനു പിന്നില്‍ നില്‍ക്കുമ്പോള്‍ പുലര്‍ത്തുന്ന ഏകാഗ്രതയും താരത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നു. ആദ്യ മത്സരങ്ങളില്‍ സഞ്ജുവിന് മികവ് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നാല്‍ മാത്രമേ ഇഷാന്‍ കിഷന് അവസരം ലഭിക്കൂ.

ടി 20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കണമെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജുവിലെ ബാറ്റ്‌സ്മാന്‍ നന്നായി വിയര്‍പ്പൊഴുക്കണം. അശ്രദ്ധയോടെ വിക്കറ്റ് വലിച്ചെറിയുന്ന താരമെന്ന ചീത്തപ്പേര് മാറ്റാനാണ് സഞ്ജു ശ്രീലങ്കയ്‌ക്കെതിരെ ശ്രമിക്കേണ്ടത്. ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയാല്‍ ടി 20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു ഇടംപിടിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :