ആദ്യം ബഹുമാനിക്കാൻ പഠിക്കു, കോലിയുമായുള്ള വഴക്കിന് പിന്നാലെ നവീൻ ഉൾ ഹഖിന് ഉപദേശവുമായി ഷാഹിദ് അഫ്രീദി

അഭിറാം മനോഹർ| Last Modified ബുധന്‍, 3 മെയ് 2023 (14:33 IST)
കഴിഞ്ഞ ദിവസം ഐപിഎല്ലിൽ നടന്ന ലഖ്നൗ- ആർസിബി മത്സരം കടുത്ത വഴക്കിലാണ് അവസാനിച്ചത്. മത്സരത്തിൽ പല സമയത്തും ലഖ്നൗ താരങ്ങളും ആർസിബിയുടെ സൂപ്പർ താരം വിരാട് കോലിയും തമ്മിൽ വാക്കേറ്റങ്ങളുണ്ടായിരുന്നു. മത്സരശേഷം ലഖ്നൗ മെൻ്ററായ ഗൗതം ഗംഭീറുമായും കോലി വാക്പോര് നടത്തിയിരുന്നു. അമിത് മിശ്ര,നവീൻ ഉൾ ഹഖ് എന്നിവർക്കെതിരെയാണ് കോലി വാക്കേറ്റം നടത്തിയത്.

മത്സരത്തിലെ വഴക്കിന് ശേഷം ഹസ്തദാനം ചെയ്യുന്നതിനിടെയും നവീനും കോലിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇരു താരങ്ങളുടെയും സഹതാരങ്ങൾ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിന് മുൻപ് മുൻ പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രീദി,മുഹമ്മദ് ആമിർ, ശ്രീലങ്കൻ താരം തിസാര പെരേര എന്നിവരുമായും നവീൻ വാക്ക് തർക്കത്തിലേർപ്പെട്ടിട്ടുണ്ട്. കോലിയുമായുള്ള തർക്കത്തിന് പിന്നാലെ വിഷയത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ പാക് താരമായ ഷാഹിദ് അഫ്രിദി.

ഞാൻ യുവതാരങ്ങൾക്ക് നൽകുന്ന ഉപദേശം വളരെ ലളിതമാണ്. മത്സരം ആസ്വസിക്കുക. അനാവശ്യമായ ഭാഷ ഒഴിവാക്കാം. എനിക്ക് അഫ്ഗാൻ ടീമിൽ നല്ല സുഹൃത്തുക്കളുണ്ട്. ഇപ്പോഴും അവരോടെല്ലം നല്ല രീതിയിലുള്ള ബന്ധമാണുള്ളത്. സഹതാരങ്ങളെയും എതിർവശത്തുള്ളവരെയും ബഹുമാനിക്ക്. അതാണ് അടിസ്ഥാനം. അഫ്രീദി ട്വിറ്ററിൽ കുറിച്ചു.അതേസമയം കോലിയുമായുള്ള വഴക്കിന് പിന്നാലെ താരത്തെ നവീൻ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :