എത്ര നന്നായി കളിച്ചാലും സഞ്ജുവിന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കിട്ടുക ദുഷ്‌കരം; കാരണം ഇതാണ്

രേണുക വേണു| Last Modified വ്യാഴം, 30 ജൂണ്‍ 2022 (15:45 IST)

ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ എങ്ങനെ തിരഞ്ഞെടുക്കുമെന്ന ചൂടേറിയ ആലോചനയിലാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സെലക്ടര്‍മാരും. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കുമോ എന്നാണ് മലയാളി ആരാധകരുടെ ചോദ്യം.

എന്നാല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കണമെങ്കില്‍ സഞ്ജുവിന് ഏറെ കടമ്പകളുണ്ട്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. പിന്നീട് സ്‌ക്വാഡില്‍ വേണ്ട ബാറ്റര്‍മാര്‍ ആരൊക്കെ എന്ന് വരാനിരിക്കുന്ന പരമ്പരകളാണ് തീരുമാനിക്കുക. അതില്‍ തന്നെ സഞ്ജുവിന്റെ സ്ഥാനത്തിനു വെല്ലുവിളിയായി നിരവധി താരങ്ങളുണ്ട്.

ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക് എന്നിവരാണ് സ്‌ക്വാഡിലേക്ക് മത്സരിക്കുന്ന ബാറ്റര്‍മാര്‍. ഇതില്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളര്‍ കൂടിയായതിനാല്‍ ഉറപ്പായും സ്‌ക്വാഡില്‍ ഉണ്ടാകും. സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരെ മധ്യനിരയിലേക്കും പരിഗണിക്കുന്നു. അതില്‍ ദിനേശ് കാര്‍ത്തിക്കിന് ഫിനിഷറുടെ റോളാണ്. ഇത്രയും താരങ്ങള്‍ ഉള്ളപ്പോള്‍ സഞ്ജുവിന് എവിടെ സ്ഥാനം കൊടുക്കുമെന്നതാണ് സെലക്ടര്‍മാരുടെ സംശയം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :