രേണുക വേണു|
Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (09:53 IST)
Sanju Samson: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ തോറ്റതിനു പിന്നാലെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി മലയാളി താരം സഞ്ജു സാംസണ്‍. നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാനെത്തിയ സഞ്ജുവിന് ടീമിനായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഒന്ന് ശ്രദ്ധിച്ചു കളിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആകാന്‍ വരെ സഞ്ജുവിന് അവസരം ലഭിക്കുമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്നലെ വന്ന തിലക് വര്‍മയ്ക്ക് വരെ സഞ്ജുവിനേക്കാള്‍ ഉത്തരവാദിത്ത ബോധമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും തോറ്റെങ്കിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ തിലക് വര്‍മയാണ്. ഞായറാഴ്ച നടന്ന രണ്ടാം ട്വന്റി 20 യില്‍ തിലക് വര്‍മ അര്‍ധ സെഞ്ചുറി നേടി. മുന്‍നിര വിക്കറ്റുകളെല്ലാം അതിവേഗം നഷ്ടമായപ്പോള്‍ നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മ ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. താരത്തിന്റെ രണ്ടാം രാജ്യാന്തര മത്സരമാണ് ഇത്. എന്നാല്‍ ഏറെ അനുഭവ സമ്പത്തുള്ള കളിക്കാരനെ പോലെയാണ് തിലക് വര്‍മ ബാറ്റ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി 19 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടും സഞ്ജുവിന് ഈ ഉത്തരവാദിത്ത ബോധം വന്നിട്ടില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.
സ്പിന്നര്‍ അക്കീല്‍ ഹൊസയ്‌നിനെ ക്രീസില്‍ നിന്ന് കയറി കളിച്ച സഞ്ജുവിനെ നിക്കോളാസ് പൂറാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിച്ചിന് അസാധാരണമായ ടേണിങ് ഉണ്ടെന്ന് സഞ്ജുവിന് നേരത്തെ തന്നെ മനസിലായിട്ടുള്ളതാണ്. എന്നിട്ടും ക്രീസില്‍ നിന്ന് പുറത്തിറങ്ങി കളിക്കാനുള്ള സഞ്ജുവിന്റെ തീരുമാനത്തെ മണ്ടത്തരമെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഏഴ് പന്തില്‍ നിന്ന് ഏഴ് റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഈ രീതിയിലാണ് സഞ്ജുവിന്റെ പോക്കെങ്കില്‍ അധികം താമസിയാതെ സഞ്ജു ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ നിന്ന് പുറത്താകുമെന്ന് ആരാധകര്‍ പറയുന്നു.
ആദ്യ മത്സരത്തില്‍ 12 പന്തില്‍ 12 റണ്‍സെടുത്ത സഞ്ജു റണ്ണൗട്ടായാണ് മടങ്ങിയത്. ഇപ്പോഴിതാ സഞ്ജുവിന്റെ മോശം ഫോമില്‍ അദ്ദേഹത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. സഞ്ജുവിന് ഉത്തരവാദിത്തം ഇല്ലെന്നും ടി20 ടീമില്‍ വേണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.