കേരളത്തിനായി ക്യാപ്റ്റന്റെ ഇന്നിങ്ങ്സ്, സെഞ്ചുറിയുമായി തിളങ്ങിയിട്ടും മത്സരത്തിൽ പരാജയപ്പെട്ടു

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (17:13 IST)
റെയില്‍വേസിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി സഞ്ജു സാംസണ്‍. വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരായ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും മത്സരത്തില്‍ 18 റണ്‍സിന് കേരളം പരാജയപ്പെട്ടൂ. മത്സരത്തില്‍ റെയില്‍വേസ് ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 7 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തില്‍ 59 റണ്‍സിന് 4 വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന കേരളത്തെ നായകന്‍ സഞ്ജു സാംസണൂം ശ്രേയസ് ഗോപാലും ചേര്‍ന്നാണ് കരകയറ്റിയത്. സഞ്ജു 139 പന്തില്‍ 128 റണ്‍സാണ് മത്സരത്തില്‍ നേടിയത്.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ 7 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ അഞ്ച് വിജയത്തോടെ 20 പോയന്റുമായി കേരളം ഒന്നാമതാണ്. ഇതോടെ ടൂര്‍ണമെന്റിലെ നോക്കൗട്ട് കേരളം ഉറപ്പിച്ചു. മത്സരത്തില്‍ അഞ്ചാം വിക്കറ്റില്‍ സഞ്ജുവും ശ്രേയസ് ഗോപാലും ചേര്‍ന്ന് നേടിയ 138 റണ്‍സ് കൂട്ടുകെട്ടാണ് നിര്‍ണായകമായത്. 63 പന്തില്‍ 53 റണ്‍സെടുത്ത ശ്രേയസ് പുറത്തായതിന് പിന്നാലെയെത്തിയ അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ എന്നിവര്‍ പൂജ്യരായി പുറത്തായതാണ് കേരളത്തിന് തിരിച്ചടിയായത്. ഇതോടെ കേരളത്തിന്റെ എല്ലാ പ്രതീക്ഷകളും സഞ്ജുവിന്റെ ചുമലിലായി.

അവസാന രണ്ടോവറില്‍ 45 റണ്‍സ് വേണമെന്ന സാഹചര്യത്തില്‍ 25 റണ്‍സ് സ്വന്തമാക്കാനെ കേരളത്തിനായുള്ളു. നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ റെയില്‍വേസിനായി യുവരാജ് സിംഗ് 121 റണ്‍സും പ്രഥം സിങ്ങ് 61 റണ്‍സുമായും തിളങ്ങി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :