അഭിറാം മനോഹർ|
Last Modified ചൊവ്വ, 5 ഡിസംബര്‍ 2023 (15:52 IST)
ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്വിന്റണ്‍ ഡികോക്ക് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും എന്നാല്‍ താന്‍ ആ തീരുമാനത്തെ തടയുകയായിരുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ വൈറ്റ് ബോള്‍ പരിശീലകന്‍ റോബ് വാള്‍ട്ടര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും നേരത്തെ തന്നെ വിരമിച്ചിരുന്ന ഡികോക്ക് ലോകകപ്പിന് ശേഷം ഏകദിന ഫോര്‍മാറ്റും മതിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനാണ് ഡികോക്ക് പദ്ധതിയിട്ടുരുന്നതെന്ന് റോബ് വാള്‍ട്ടര്‍ പറയുന്നു.
ഏകദിന ലോകകപ്പില്‍ മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. 10 കളികളില്‍ നിന്ന് 4 സെഞ്ചുറികളടക്കം 594 റണ്‍സാണ് ടൂര്‍ണമെന്റില്‍ താരം അടിച്ചെടൂത്തത്. ടെസ്റ്റില്‍ 54 കളികളില്‍ നിന്ന് 6 സെഞ്ചുറിയോടെ 3,300 റണ്‍സും ഏകദിനത്തില്‍ 15 മത്സരങ്ങളില്‍ 21 സെഞ്ചുറിയടക്കം 6770 റണ്‍സും രാജ്യാന്തര ടി20യില്‍ ഒരു സെഞ്ചുറിയടക്കം 2277 റണ്‍സുമാണ് ക്വിന്റണ്‍ ഡികോക്കിനുള്ളത്.