അഭിറാം മനോഹർ|
Last Modified വെള്ളി, 22 നവംബര്‍ 2019 (10:32 IST)
വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20
മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ചു സാംസണിന് ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല. ബംഗ്ലാദേശിനെതിരായ
ടി20 പരമ്പരയിൽ സഞ്ചു ഇടം നേടിയിരുന്നെങ്കിലും ഒരൊറ്റ മത്സരത്തിലും സഞ്ചുവിനെ കളിപ്പിച്ചിരുന്നില്ല. ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ബി സി സി ഐയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ മലയാളികളടക്കം നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
അതേസമയം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേ ശരാശരി പ്രകടനത്തിന്റെ മികവിൽ കേദാർ യാദവ് വീണ്ടും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. തുടർച്ചയായ അവസരങ്ങൾ ലഭിച്ചും മോശം പ്രകടനം ബാറ്റിങിലും കീപ്പിങിലും കാഴ്ചവെച്ച ഋഷഭ് പന്ത് ഏകദിന ടി20 ടീമുകളിൽ ഇടം നേടിയിട്ടുണ്ട്. സഞ്ചുവിനെ പരിഗണിക്കാതെ പന്തിനെ ഇന്ത്യൻ ടീമിൽ എടുത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വിരാട് കോലി വിശ്രമത്തിന് ശേഷം മടങ്ങിയെത്തുന്ന പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് താരം ശിഖർ ധവാനും ഇടം ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ശിവം ദുബൈ ടി20 ടീമിലും ഏകദിന ടീമിലും സ്ഥാനം നേടിയപ്പോൾ ലിമിറ്റഡ് ഓവർ മത്സരങ്ങളിലെ സ്ഥിരം സ്പിൻ സഖ്യമായ യൂസ് വേന്ദ്ര ചാഹലും കുൽദീപ് യാദവും ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്.
ഏറെനാളുകൾക്ക് ശേഷം ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി ടി20 ഏകദിനമത്സരങ്ങൾക്കുള്ള ടീമിൽ തിരിച്ചെത്തിയപ്പോൾ ടി20യിൽ ബംഗ്ലാദേശിനെതിരായ ഹാട്രിക് മികവിൽ ദീപക് ചഹാറും ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.