അഭിറാം മനോഹർ|
Last Modified വ്യാഴം, 21 നവംബര്‍ 2019 (13:45 IST)
വെസ്റ്റിൻഡീസിനെതിരായുള്ള ടി20,ഏകദിന മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ രവിചന്ദ്ര അശ്വിനെ ടീമിൽ തിരിച്ചെടുക്കണമെന്ന് ഹർഭജൻ സിങ്. ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന അശ്വിനെ പോലെ ഒരു താരത്തെ ടീമിൽ നിന്നും മാറ്റി നിർത്തരുതെന്നാണ് ഹർഭജൻ പറയുന്നത്.
ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന രവിചന്ദ്ര
അശ്വിൻ 2017 ജുലൈയിലാണ് ഇന്ത്യക്ക് വേണ്ടി ഏകദിനങ്ങളിൽ അവസാനമായി കളിക്കാനിറങ്ങിയത്. തുടർന്ന് ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങൾക്ക് മാത്രമാണ് അശ്വിൻ കളിക്കാനിറങ്ങിയിട്ടുള്ളത്.
ടി20 ക്രിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറാണ് നിലവിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. എന്നാൽ വിക്കറ്റുകൾ എടുക്കുന്നതിൽ അശ്വിൻ ഇപ്പോളും മികവ് പുലർത്തുമ്പോൾ എന്താണ് അദ്ദേഹത്തെ പരിഗണിക്കാത്തതെന്ന് ഹർഭജൻ ചോദിക്കുന്നു.നിലവിൽ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തുന്ന അശ്വിന് മറ്റ് ഇന്ത്യൻ സ്പിന്നർമാരേക്കാൾ പന്ത് ടേൺ ചെയ്യിക്കുവാനും സാധിക്കുന്നുണ്ടെന്ന് ഹർഭജൻ ചൂണ്ടികാട്ടി.
യുവതാരങ്ങൾക്ക് അവസരം നൽകുന്നതിന് താൻ എതിരല്ലെന്നും എന്നാൽ യുവതാരങ്ങളും, പരിചയ സമ്പന്നരും തമ്മിൽ മത്സരിക്കുമ്പോൾ അവരും ചിലപ്പോൾ പരിചയ സമ്പന്നർക്ക് വഴി മാറികൊടുക്കേണ്ടി വരുമെന്ന് മനസിലാക്കണമെന്നും ഹർഭജൻ കൂട്ടിചേർത്തു.