സ്‌ക്വാഡില്‍ ഉണ്ടെങ്കിലും സഞ്ജുവിന് പുറത്തിരിക്കേണ്ടി വരുമോ?

രേണുക വേണു| Last Modified വെള്ളി, 17 ജൂണ്‍ 2022 (16:42 IST)

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരം കളിക്കേണ്ടതിനാല്‍ റിഷഭ് പന്ത് അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇടംപിടിച്ചിട്ടില്ല. പന്തിന് പകരമാണ് സഞ്ജു സ്‌ക്വാഡില്‍ കയറിയിരിക്കുന്നത്.

സ്‌ക്വാഡില്‍ ഉണ്ടെങ്കിലും സഞ്ജുവിനെ കളിക്കാന്‍ ഇറക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ദിനേശ് കാര്‍ത്തിക്കിനെയാണ്. ട്വന്റി 20 ലോകകപ്പിന് മുന്‍പ് ദിനേശ് കാര്‍ത്തിക്കിന് പരമാവധി അവസരം നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. അതിനാല്‍ പ്ലേയിങ് ഇലവനില്‍ ഉറപ്പായും കാര്‍ത്തിക് ഉണ്ടാകും. മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ഓപ്പണര്‍ ബാറ്റര്‍ കൂടിയാണ്. ഋതുരാജ് ഗെയ്ക്വാദ് ആയിരിക്കും മറ്റൊരു ഓപ്പണര്‍. അതിനാല്‍ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍ക്കൊള്ളിക്കുക ദുഷ്‌കരമാണ്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ഉറപ്പാണ്.

രാഹുല്‍ ത്രിപതി, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരാണ് ബാറ്റിങ് നിരയിലേക്ക് സ്ഥാനം കാത്തുനില്‍ക്കുന്ന മറ്റ് നാല് പേര്‍. ഇതില്‍ ആരായിരിക്കും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കുകയെന്ന് കാത്തിരുന്ന് കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :