ഇങ്ങനെ പോയാല്‍ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ പന്ത് ഉണ്ടാകില്ല; നറുക്ക് വീഴുക സഞ്ജുവിനോ?

രേണുക വേണു| Last Modified വെള്ളി, 17 ജൂണ്‍ 2022 (16:19 IST)

ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ട്വന്റി 20 യിലെ മോശം പ്രകടനം താരത്തിനു വിനയാകുന്നു. ഐപിഎല്‍ 15-ാം സീസണില്‍ അടക്കം ട്വന്റി 20 ഫോര്‍മാറ്റില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന പന്തിനെയാണ് ആരാധകര്‍ കണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും പന്ത് നിരാശപ്പെടുത്തുന്നു. ഇങ്ങനെയാണെങ്കില്‍ പന്ത് ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് പോകില്ലെന്നാണ് ആരാധകര്‍ അടക്കം വിലയിരുത്തുന്നത്.

2022 ഐപിഎല്ലില്‍ പന്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ടൂര്‍ണമെന്റില്‍ പല മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചെങ്കിലും ഒരു അര്‍ധശതകം പോലും നേടാന്‍ കഴിഞ്ഞില്ല. 44 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയ്ക്കായി 46 ട്വന്റി 20 കളിച്ച പന്ത് 723 റണ്‍സ് നേടി. ബാറ്റിങ് ശരാശരി 23.32. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ 3 മത്സരങ്ങളില്‍ നിന്ന് 40 റണ്‍സ് മാത്രമാണ് പന്ത് ഇതുവരെ നേടിയത്. കണക്കുകള്‍ പന്തിന് പ്രതികൂലമാണ്. മോശം ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നത് പന്ത് പതിവാക്കുകയാണെന്നും വിമര്‍ശനമുണ്ട്.

ട്വന്റി 20 ലോകകപ്പില്‍ പന്തിന് സ്ഥാനം ഉറപ്പല്ലെന്നും ടീമില്‍ ഇടം പിടിക്കാന്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കണമെന്നും മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ പറഞ്ഞു. 'പന്തിന്റെ ഇപ്പൊഴത്തെ ഫോം ഒട്ടും തൃപ്തികരമല്ല. ടീം ഇലവന്റെ ഭാഗമാവാന്‍ ഈ പ്രകടനം മതിയാവില്ല,' ജാഫര്‍ പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും നടത്തുന്ന പ്രകടനമികവ് ട്വന്റി 20യില്‍ ആവര്‍ത്തിക്കാന്‍ പന്തിന് കഴിയുന്നില്ല. ടീമിലെ സ്ഥിരാംഗമല്ല പന്തെന്നും ജാഫര്‍ പറഞ്ഞു.

പന്ത് പുറത്തിരിക്കേണ്ടി വന്നാല്‍ പകരം ആര് എന്ന ചോദ്യമാണ് ഇനി ബാക്കി. മലയാളി താരം സഞ്ജു സാംസണ്‍ പന്തിനെ പിന്തള്ളി ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ക്ക് ശേഷമായിരിക്കും സഞ്ജുവിനെ പരിഗണിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :