Sanju Samson: വന്നതും പോയതും അറിഞ്ഞില്ല ! ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ സഞ്ജു അഞ്ച് റണ്‍സിനു പുറത്ത്

ഇന്ത്യ എ ഒന്നാം ഇന്നിങ്‌സില്‍ 84.3 ഓവറില്‍ 290 റണ്‍സ് നേടി ഓള്‍ഔട്ട് ആയി

Sanju Samson - Duleep Trophy
രേണുക വേണു| Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (13:03 IST)
Sanju Samson - Duleep Trophy

Sanju Samson: ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ ഡി ടീമിനു വേണ്ടി ഇറങ്ങിയ സഞ്ജു ഒന്നാം ഇന്നിങ്‌സില്‍ ആറ് പന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത് പുറത്തായി. വന്നപാടേ ഒരു ഫോര്‍ അടിച്ചെങ്കിലും അധികനേരം ക്രീസില്‍ നിലയുറപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല.

ഇന്ത്യ എ ഒന്നാം ഇന്നിങ്‌സില്‍ 84.3 ഓവറില്‍ 290 റണ്‍സ് നേടി ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ഡി തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 27 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് ഇന്ത്യ ഡി നേടിയിരിക്കുന്നത്. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിനെ ആക്വിബ് ഖാന്‍ ആണ് പുറത്താക്കിയത്. ഇന്ത്യ ഡി നായകന്‍ ശ്രേയസ് അയ്യര്‍ പൂജ്യത്തിനു പുറത്തായി. 67 പന്തില്‍ ആറ് ഫോര്‍ സഹിതം 40 റണ്‍സെടുത്ത ദേവ് ദത്ത് പടിക്കലും 12 പന്തില്‍ ഒരു റണ്ണുമായി റിക്കു ഭുയിയുമാണ് ഇപ്പോള്‍ ക്രീസില്‍.

ഏറെ വിമര്‍ശനങ്ങള്‍ക്ക് ഒടുവിലാണ് സഞ്ജുവിന് ദുലീപ് ട്രോഫി പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്തു ഉയരാന്‍ താരത്തിനു സാധിച്ചില്ല. അടുത്ത ഇന്നിങ്‌സില്‍ സഞ്ജു മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക് ഇനിയുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :