അഭിറാം മനോഹർ|
Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (12:07 IST)
ദുലീപ് ട്രോഫിക്കുള്ള ഇന്ത്യന്‍ ഡി ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയതിന്റെ ആഹ്‌ളാദത്തിലായിരുന്നു സഞ്ജു ആരാധകര്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പേ നടക്കുന്ന റെഡ് ബോള്‍ ടൂര്‍ണമെന്റ് ആയതിനാല്‍ തന്നെ ടൂര്‍ണമെന്റിലെ പ്രകടനം ഇന്ത്യന്‍ ടെസ്റ്റ് ടീം തിരെഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ദുലീപ് ട്രോഫിയിലെ ആദ്യദിനത്തില്‍ വിക്കറ്റിന് പിന്നില്‍ ശരാശരി പ്രകടനമാണ് സഞ്ജു ഇന്നലെ കാഴ്ചവെച്ചത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. സാധാരണ ഐപിഎല്ലിലും ഇന്ത്യന്‍ ടീമില്‍ പോലും സഞ്ജു നടത്തുന്ന പ്രകടനങ്ങളുടെ നിഴല്‍ മാത്രമായിരുന്നു ദുലീപ് ട്രോഫിയിലെ ആദ്യദിനത്തിലെ സഞ്ജുവിന്റെ വിക്കറ്റിന് പിന്നിലുള്ള പ്രകടനം. തീര്‍ത്തും അലസമായ തരത്തിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. പിഴവുകള്‍ സംഭവിച്ചപ്പോള്‍ പോലും അതില്‍ നിരാശ പ്രകടിപ്പിക്കാതെ നെറ്റ്‌സില്‍ വിക്കറ്റ് കാക്കുന്ന ലാഘവത്തിലായിരുന്നു സഞ്ജു. ഇത് ഇന്ത്യന്‍ ഡി ടീമംഗങ്ങളെ പോലും ചൊടുപ്പിച്ചു.
പല തവണയാണ് സഞ്ജുവിന്റെ പിഴവുകള്‍ കാരണം വിക്കറ്റിന് പിന്നിലൂടെ ബൗണ്ടറികള്‍ സംഭവിച്ചത്. അര്‍ഷദീപ് സിംഗിന് ലഭിക്കുമായിരുന്ന ഒരു വിക്കറ്റ് പോലും സഞ്ജുവിന്റെ ഈ സമീപനം കാരണം നഷ്ടമായത്. മത്സരത്തിലെ 78മത്തെ ഓവറിലാണ് ഖലീല്‍ അഗ്മദിന്റെ ക്യാച്ചാണ് സഞ്ജു ഡൈവിന് ശ്രമിക്കാത്തതിനെ തുടര്‍ന്ന് നഷ്ടമായത്. ഇത് കണ്ട അര്‍ഷദീപ് സഞ്ജുവിന് നേരെ ആക്രോശിക്കുകയും ചെയ്തു. എന്നാല്‍ നിസാരമായി ചിരിച്ചുകൊണ്ടാണ് ഇതിനോട് സഞ്ജു പ്രതികരിച്ചത്.