Sanju Samson: ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യ ജയിക്കേണ്ടതായിരുന്നു; പണി പാളിയത് സഞ്ജുവിന്റെ അതിബുദ്ധിയില്‍ !

ആദ്യ സൂപ്പര്‍ ഓവറില്‍ തന്നെ ഇന്ത്യ കളി ജയിക്കേണ്ടതായിരുന്നെന്നും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കാണിച്ച അതിബുദ്ധിയാണ് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നയിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്

Sanju Samson, Sanju Keeper, Sanju Samson India, Cricket News, Webdunia Malayalam
രേണുക വേണു| Last Modified വ്യാഴം, 18 ജനുവരി 2024 (10:58 IST)
Sanju Samson

Sanju Samson: സമീപകാലത്ത് ക്രിക്കറ്റ് ആരാധകര്‍ കണ്ട ഏറ്റവും മികച്ച ത്രില്ലറാണ് ഇന്നലെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നത്. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്നാം ട്വന്റി 20 മത്സരത്തിലെ വിജയികളെ കണ്ടെത്താന്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ നടത്തേണ്ടിവന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാനും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് തന്നെ നേടി. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിയത്. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരു ടീമുകളും 16 റണ്‍സ് നേടിയതോടെ വീണ്ടും സൂപ്പര്‍ ഓവര്‍ കളിക്കേണ്ടി വന്നു.

ആദ്യ സൂപ്പര്‍ ഓവറില്‍ തന്നെ ഇന്ത്യ കളി ജയിക്കേണ്ടതായിരുന്നെന്നും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കാണിച്ച അതിബുദ്ധിയാണ് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നയിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. ഒന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാന്‍ ആണ്. ഗുല്‍ബാദിന്‍ നായിബ്, റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരാണ് ഓപ്പണ്‍ ചെയ്തത്. മുകേഷ് കുമാര്‍ എറിഞ്ഞ ആദ്യ പന്തില്‍ ഗുല്‍ബാദിന്‍ റണ്‍ഔട്ട് ആയി. പിന്നീട് ക്രീസിലെത്തിയത് മുഹമ്മദ് നബി.

മുകേഷ് കുമാറിന്റെ മൂന്നാം പന്തില്‍ ഗുര്‍ബാസ് ഫോറും അഞ്ചാം പന്തില്‍ നബി സിക്‌സും നേടി. അഞ്ച് പന്തുകള്‍ കഴിയുമ്പോള്‍ അഫ്ഗാന്‍ 13 റണ്‍സ് നേടിയിരുന്നു. സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ മൂന്ന് റണ്‍സാണ് ഇന്ത്യ ബൈ ആയി വഴങ്ങിയത്. മുകേഷ് എറിഞ്ഞ ഓഫ് സ്റ്റംപിനു പുറത്തുള്ള യോര്‍ക്കര്‍ ബോള്‍ ബാറ്റ് കൊണ്ട് തൊടാന്‍ പോലും നബിക്ക് സാധിച്ചില്ല. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കൈകളിലേക്ക്. അഫ്ഗാന്‍ ബാറ്റര്‍മാര്‍ ഉടന്‍ തന്നെ സിംഗിളിനായി ഓടി. പന്ത് കൈയില്‍ കിട്ടിയ വിക്കറ്റ് കീപ്പര്‍ സഞ്ജു ഉടന്‍ തന്നെ ബൗളിങ് എന്‍ഡിലേക്ക് ത്രോ ചെയ്യാന്‍ നോക്കി. ഈ ത്രോ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുകയായിരുന്ന മുഹമ്മദ് നബിയുടെ കാലില്‍ തട്ടി ദിശ മാറിപ്പോയി. ഈ സമയം കൊണ്ട് അഫ്ഗാന്‍ ബാറ്റര്‍മാര്‍ രണ്ട് റണ്‍സ് കൂടി ഓടിയെടുത്തു.

അവസാന പന്ത് ആയതിനാല്‍ അത് ത്രോ ചെയ്യേണ്ട ആവശ്യം സഞ്ജുവിന് ഇല്ലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഉറപ്പായും സിംഗിള്‍ ഓടിയെടുക്കാന്‍ സാധ്യതയുണ്ടായിരുന്നു. കൈയില്‍ കിട്ടിയ പന്തുമായി വിക്കറ്റിനു മുന്നില്‍ നിന്നിരുന്നെങ്കില്‍ അഫ്ഗാനെ കൊണ്ട് രണ്ടാം റണ്‍സിനായി ഓടുന്നത് സഞ്ജുവിന് തടയാമായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ത്രോ ചെയ്യാന്‍ ശ്രമിച്ചത് കാരണം വീണ്ടും രണ്ട് റണ്‍സ് കൂടി അഫ്ഗാന്‍ ഓടിയെടുത്തു. ആ രണ്ട് റണ്‍ ഡിഫെന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ചാം ബോളില്‍ ഇന്ത്യക്ക് ജയിക്കമായിരുന്നു. രണ്ട് റണ്‍സ് കുറഞ്ഞിരുന്നെങ്കില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 15 ആയി ചുരുങ്ങിയേനെ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :