Sanju Samson : സുവർണ്ണാവസരം തുലച്ച് സഞ്ജു, ഇനി ഇന്ത്യൻ ടി20 ടീമിൽ തിരിച്ചുവരവ് കഷ്ടം

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ജനുവരി 2024 (19:37 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനവുമായി ഇന്ത്യന്‍ മുന്‍നിര. 5 ഓവര്‍ അവസാനിക്കുമ്പോള്‍ നാല് മുന്‍നിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 4 റണ്‍സെടുത്ത ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ മടങ്ങിയതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ സൂപ്പര്‍ താരം വിരാട് കോലിയും മടങ്ങിയത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ശിവം ദുബെ ഒരു റണ്‍സെടുത്ത് മടങ്ങിയതോടെയാണ് സഞ്ജു ക്രീസിലെത്തിയത്. എന്നാല്‍ സാഹചര്യം മനസിലാക്കി കളിക്കാന്‍ തയ്യാറാകാതെ ആദ്യ പന്ത് തന്നെ കടന്നാക്രമിക്കാന്‍ ശ്രമിച്ചതോടെ ആദ്യ പന്തില്‍ തന്നെ ക്യാച്ച് നല്‍കി മലയാളി താരം മടങ്ങി.

3 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ പിഴുതെറിഞ്ഞ അഫ്ഗാന്‍ പേസര്‍ ഫരീദ് അഹ്മദാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. അസ്മത്തുള്ള ഒമര്‍സായ്ക്കാണ് ഒരു വിക്കറ്റ്. 3 വിക്കറ്റ് വീണ ശേഷം ക്രീസിലെത്തിയ സഞ്ജു സാംസണ് ഫരീദ് അഹ്മദെറിഞ്ഞ ഷോട്ട് ബോളിനെതിരെ വമ്പനടിയ്ക്ക് ശ്രമിച്ചാണ് മടങ്ങിയത്. 3 വിക്കറ്റ് വീണ സാഹചര്യത്തില്‍ ടീമിനെ തോളിലേറ്റുന്ന ഒരു പ്രകടനമാണ് താരം നടത്തിയിരുന്നെങ്കില്‍ ടി20യില്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. എന്നാല്‍ നിരുത്തരവാദപരമായ പ്രകടനത്തോടെ താരം മടങ്ങിയതോടെ സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകള്‍ കൂടി അവസാനിച്ചിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.

അവസരങ്ങള്‍ മൂന്നിലേക്ക് വരുമ്പോള്‍ ഉത്തരവാദിത്വത്തോടെ അതിനെ സമര്‍പ്പിക്കണമെന്നും അനാവശ്യമായ ഷോട്ടിന് ശ്രമിച്ച് സഞ്ജു വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്തതെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ടി20 ലോകകപ്പിന് മുന്‍പ് ഇനി ഇന്ത്യയ്ക്ക് ടി20 മത്സരങ്ങള്‍ ഇല്ലാ എന്നതിനാല്‍ സഞ്ജുവിന് ഇനി ഇന്ത്യന്‍ ടി20 ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ടെന്ന് പറയുന്നവരും ഏറെയാണ്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :