രേണുക വേണു|
Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (10:47 IST)
സഞ്ജു സാംസണെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ അവസരമുണ്ടായിട്ടും ബിസിസിഐയും സെലക്ടര്‍മാരും മനപ്പൂര്‍വ്വം തഴഞ്ഞെന്ന് ആരോപണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ നിന്ന് ശ്രേയസ് അയ്യര്‍ പരുക്കിനെ തുടര്‍ന്ന് പുറത്തായതാണ് സഞ്ജുവിന് വാതില്‍ തുറക്കുമെന്ന് എല്ലാവരും കരുതിയത്. എന്നാല്‍ ശ്രേയസിന് പകരം സെലക്ടര്‍മാര്‍ ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
ഇന്ത്യയില്‍ നടക്കുന്ന പരമ്പരയായതിനാല്‍ ഒരു താരം ഇല്ലെങ്കില്‍ തന്നെ പകരം മറ്റൊരു താരത്തിനു അവസരം നല്‍കുക അനായാസം നടക്കുന്ന കാര്യമാണ്. മൂന്ന് മത്സരങ്ങള്‍ പരമ്പരയില്‍ ഉണ്ടായിരിക്കെയാണ് ശ്രേയസ് അയ്യര്‍ക്ക് പകരം മറ്റൊരു താരത്തിനു സെലക്ടര്‍മാര്‍ അവസരം നല്‍കാതിരുന്നത്. ശ്രേയസ് ഇല്ലെങ്കില്‍ ഉറപ്പായും സഞ്ജുവിനാണ് നിലവിലെ സാഹചര്യത്തില്‍ അവസരം ലഭിക്കേണ്ടിയിരുന്നത്.
സഞ്ജു സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കില്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമില്‍ ഉറപ്പായും സഞ്ജു പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കേണ്ടതായിരുന്നു. ഈ അവസരമാണ് ബിസിസിഐയും സെലക്ടര്‍മാരും ചേര്‍ന്ന് ഇല്ലാതാക്കിയത്. സഞ്ജുവിനെ മനപ്പൂര്‍വ്വം തഴയുകയാണ് സെലക്ടര്‍മാര്‍ ചെയ്യുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം.