'എനിക്കൊന്നും പറയാനില്ല'; നാണംകെട്ട തോല്‍വിക്ക് പിന്നാലെ സഞ്ജു സാംസണ്‍

രേണുക വേണു| Last Modified ഞായര്‍, 14 മെയ് 2023 (20:57 IST)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ നിരാശയോടെ പ്രതികരിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. മോശം പ്രകടനത്തെ കുറിച്ച് ചോദിച്ചാല്‍ തനിക്ക് ഉത്തരമില്ലെന്ന് മത്സരശേഷം സഞ്ജു പറഞ്ഞു. നിര്‍ണായക മത്സരത്തില്‍ 112 റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 10.3 ഓവറില്‍ 59 റണ്‍സിന് രാജസ്ഥാന്‍ ഓള്‍ഔട്ടായി.

ഈ സീസണില്‍ ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ രാജസ്ഥാന്‍ അവസാന മത്സരങ്ങളിലേക്ക് എത്തിയപ്പോള്‍ നിറംമങ്ങി. ഈ മോശം പ്രകടനത്തിന്റെ കാരണം എന്താണെന്ന് ചോദിച്ചപ്പോഴാണ് തലതാഴ്ത്തി സഞ്ജുവിന്റെ പ്രതികരണം.

' എവിടെയാണ് പിഴച്ചതെന്ന് ഞാന്‍ ചിന്തിച്ചു നോക്കി. എന്നാല്‍ അതിനുള്ള ഉത്തരം എനിക്കറിയില്ല. ഐപിഎല്ലിന്റെ സ്വഭാവം നമുക്കെല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ കരുത്തരായി ഇരിക്കുകയാണ് വേണ്ടത്. അവസാന മത്സരത്തെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. നന്നായി അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം,' സഞ്ജു പറഞ്ഞു.

രാജസ്ഥാന് ഈ സീസണില്‍ ഒരു മത്സരം കൂടിയാണ് ശേഷിക്കുന്നത്. ഇതില്‍ ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല. മറ്റു ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചായിരിക്കും രാജസ്ഥാന്റെ മുന്നോട്ടുള്ള പോക്ക്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :