രേണുക വേണു|
Last Modified ഞായര്‍, 14 മെയ് 2023 (19:51 IST)
Royal Challengers Bangalore: പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ 112 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെയാണ് ആര്‍സിബി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് ആയിരുന്ന ആര്‍സിബിക്ക് ഈ വിജയം വലിയ ആശ്വാസമാണ്. ആര്‍സിബി പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 12 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റാണ് ആര്‍സിബിക്ക് ഇപ്പോള്‍ ഉള്ളത്. നെറ്റ് റണ്‍റേറ്റ് +0.166 ആണ്.
രണ്ട് മത്സരങ്ങളാണ് ആര്‍സിബിക്ക് ഇനി ശേഷിക്കുന്നത്. ഈ കളികളില്‍ ജയിച്ചാല്‍ ഡു പ്ലെസിസിനും സംഘത്തിനും പ്ലേ ഓഫ് കളിക്കാന്‍ സാധിക്കും. സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ആര്‍സിബിയുടെ എതിരാളികള്‍.
ഇതുവരെ ഐപിഎല്‍ കിരീടം ചൂടാത്ത ആര്‍സിബിക്ക് ഇത്തവണയെങ്കിലും കിരീടത്തിലേക്ക് അടുക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിരാട് കോലിക്ക് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതിനു മുന്‍പ് ഒരു കിരീടം ലഭിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.