ലണ്ടൻ|
jibin|
Last Modified ശനി, 28 മെയ് 2016 (20:17 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡ് മറികടക്കാനുള്ള സുവർണാവസരം ഇംഗ്ലണ്ട് താരം അലിസ്‌റ്റര്‍ കുക്ക് വീണ്ടും പരാജയപ്പെടുത്തി. പതിനായിരം റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് എത്തിപ്പിടിക്കാന്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഇറങ്ങിയ കുക്ക് 10,000 റൺസിന് അഞ്ചു റൺസ് മാത്രം അകലെവച്ച് പുറത്താകുകയായിരുന്നു.
ശ്രീലങ്കയ്ക്കെതിരായ പരമ്പര തുടങ്ങുമ്പോൾ 10,000 റൺസ് തികയ്ക്കാൻ കുക്കിന് വേണ്ടിയിരുന്നത് 36 റൺസ് മാത്രം. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 16 റൺസെടുത്ത് പുറത്തായി. രണ്ടാം ഇന്നിംഗ്‌സിന് ബാറ്റിങ്ങിനിറങ്ങാതെ തന്നെ ഇംഗ്ലണ്ട് ജയിച്ചതിനാൽ റെക്കോർഡിലേക്കുള്ള കുക്കിന്റെ ദൂരം 20 റൺസ്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 15ൽ നിൽക്കെ പുറത്തായതോടെ റെക്കോർഡിനായി ഇനിയും കാത്തിരിപ്പുതന്നെ.
അഞ്ചു റണ്‍സുകൂടി നേടിയാൽ ടെസ്റ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇംഗ്ലീഷ് താരമായി കുക്ക് മാറും. ഇപ്പോൾ കുക്കിന്റെ പ്രായം 31 വർഷവും 154 ദിവസവും. റെക്കോർഡ് സ്വന്തമാക്കുമ്പോൾ സച്ചിന്റെ പ്രായം 31 വർഷവും 326 ദിവസവും. ഒരിന്നിങ്സുകൂടി ബാക്കി നിൽക്കെ ഈ ടെസ്റ്റിൽ തന്നെ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാനുള്ള സുവർണാവസരവും കുക്കിനെ കാത്തിരിക്കുന്നു.